24 November Tuesday

ഇന്ത്യയും റഷ്യയും ചൈനയും വായു മലിനമാക്കുന്നു: ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


വാഷിങ്‌ടൺ
ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആഗോള വായുമലിനീകരണം വർധിപ്പിക്കുകയാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. തന്റെ ഭരണത്തിൽ അമേരിക്ക ശുദ്ധമായ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ ഊർജസ്വാതന്ത്ര്യം കൈവരിച്ചതായും ട്രംപ്‌ അവകാശപ്പെട്ടു. നോർത്ത്‌ കാരലൈനയിൽ റിപ്പബ്ലിക്കൻ പ്രചാരണയോഗത്തിൽ അനുയായികളോട്‌ സംസാരിക്കുകയായിരുന്നു ട്രംപ്‌.

അമേരിക്കയ്‌ക്ക്‌ ഏറ്റവും മികച്ച പരിസ്ഥിതി നമ്പർ, ഓസോൺ നമ്പർ, മറ്റ്‌ പല നമ്പരുകൾ ഉണ്ട്‌. അതേസമയം, ഇന്ത്യയും റഷ്യയും ചൈനയും വായുവിലേക്ക്‌ മാലിന്യം തള്ളുകയാണെന്ന്‌ ട്രംപ്‌ ആരോപിച്ചു. അധികാരമേറ്റ്‌ ആറുമാസം തികയുംമുമ്പ്‌, 2017 ജൂണിൽ ട്രംപ്‌ പാരീസ്‌ കാലാവസ്ഥാ ഉടമ്പടിയിൽനിന്ന്‌ ഏകപക്ഷീയമായി അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, റഷ്യയും ചൈനയും അമേരിക്ക കഷ്ടപ്പെട്ട്‌ നേടിയ നേട്ടങ്ങൾ ഇല്ലാതാക്കുന്നതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്‌ എസ്‌പർ ഒരു വെബിനാറിൽ പറഞ്ഞു. ഈ രാജ്യങ്ങൾ അന്താരാഷ്‌ട്ര ചട്ടങ്ങളും നടപടിക്രമങ്ങളും ദുർബലമാക്കുകയാണെന്നും സ്വന്തം നേട്ടങ്ങൾക്കുവേണ്ടി മറ്റ്‌ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയാണെന്നും എസ്‌പർ ആരോപിച്ചു. ദേശീയ പ്രതിരോധ സർവകലാശാലയുടെ കരിക്കുലത്തിൽ 50 ശതമാനം ചൈനയ്‌ക്കെതിരെയാക്കാൻ താൻ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്‌പർ പറഞ്ഞു. യാഥാസ്ഥിതിക ബൗദ്ധികകേന്ദ്രമായ ഹെറിറ്റേജ്‌ ഫൗണ്ടേഷനാണ്‌ വെബിനാർ സംഘടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top