06 October Sunday

അഭയാർഥിക്യാമ്പിൽ കൂട്ടക്കുരുതി ; 
25 പേർ 
കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ഗാസ സിറ്റി
ഗാസയുടെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. അൽ മവാസിയിലെ ബേക്കറിയിൽ അഞ്ചുപേരും നുസെയ്‌റത്തിലെ അഭയാർഥി ക്യാമ്പിൽ പത്തുപേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സൈയ്‌ത്തോണിലും ഷെയ്‌ഖ്‌ റദ്വാനിലും മിസൈലാക്രമണത്തിൽ കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41,226 ആയി.

സൈനികസഹായത്തോടെ ഗാസയിലേക്ക്‌ കുടിയേറ്റം നടത്തുന്ന ഇസ്രയേലുകാർ പ്രാദേശികജനതയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്‌. അധിനിവേശ വെസ്റ്റ്‌ബാങ്കിലെ മുവാറജത്തിൽ സ്കൂളിൽ പലസ്തീൻ വിദ്യാർഥികളെയും അധ്യാപകരെയും കുടിയേറ്റക്കാർ ആക്രമിച്ചു.  സംഭവത്തെ "വംശീയ ഉന്മൂലനശ്രമം' എന്ന്‌ വിശേഷിപ്പിച്ച പലസ്തീൻ വിദേശമന്ത്രാലയം ആക്രമണം ഇസ്രയേലിന്റെ വിദേശനയമാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും അറിയിച്ചു.  അധിനിവേശ വെസ്റ്റ്‌ ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാളത്തിന്റെ ഒത്താശയോടെ പലസ്തീൻ ജനങ്ങൾക്കുനേരെ പതിവായ്‌ ആക്രമണങ്ങൾ നടക്കുന്നുണ്ട്‌. പലയിടങ്ങളിലും പലസ്തീൻകാർക്ക്‌ കാറിൽ സഞ്ചരിക്കുന്നതിനും രാത്രി പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്‌.

അതിനിടെ ഹമാസ്‌ ബന്ദികളാക്കിയ മൂന്ന്‌ ഇസ്രയേൽ പൗരർ നവംബറിൽ കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്‌ചപറ്റിയെന്ന്‌ സമ്മതിച്ച്‌ ഇസ്രയേൽ സൈന്യം. നവംബർ 10ന്‌ പലസ്തീൻ മേഖലയിൽ നടത്തിയ ആക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടതിൽ സൈന്യം ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ബന്ദികൾ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയെന്ന്‌ വെളിവായത്‌. വെടിനിർത്തൽ വൈകിപ്പിക്കുന്ന നെതന്യാഹു സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്‌ സൈന്യത്തിന്റെ കുറ്റസമ്മതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top