21 September Saturday

സർവസൈന്യാധിപ നിയമനം: സേനകളുടെ ഐക്യം ഇല്ലാതാക്കും

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

ന്യൂഡൽഹി> ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്‌റ്റാഫിനെ (സിഡിഎസ്‌) നിയമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം രാജ്യത്തിന്റെ സേനാ സംവിധാനങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾക്ക്‌ വഴിയൊരുക്കും. നിർദേശം ദീർഘനാളായി സർക്കാരിന്‌ മുമ്പാകെയുണ്ടെങ്കിലും മൂന്ന്‌ സേനകൾക്കുമിടയിലെ യോജിപ്പില്ലായ്‌മ തടസ്സമായി. രണ്ടായിരത്തിൽ നിയമിക്കപ്പെട്ട കാർഗിൽ പുനരവലോകന സമിതിയാണ്‌ മൂന്ന്‌ സേനകളെയും നിയന്ത്രിക്കുംവിധം ഒരു ‘സർവ സേനാധിപൻ’ എന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത്‌. യുദ്ധമുഖത്ത്‌ ഏകോപനത്തോടെ മുന്നേറാൻ ഇത്തരമൊരു സംവിധാനം ആവശ്യമാണെന്ന അഭിപ്രായമാണ്‌ കാർഗിൽ സമിതി പ്രകടമാക്കിയത്‌.
കാർഗിൽ സമിതി ശുപാർശ പഠിച്ച മന്ത്രിതല സമിതി ‘സർവ സേനാധിപ’നായി നിയമിക്കപ്പെടുന്ന വ്യക്തി അഞ്ച്‌ നക്ഷത്രങ്ങളുള്ള ഓഫീസറായിരിക്കണമെന്ന്‌ സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയോട്‌ ആവശ്യപ്പെട്ടു.

സിഡിഎസ്‌ നിയമിക്കപ്പെട്ടില്ലെങ്കിലും 2002 ൽ സംയോജിത പ്രതിരോധ സ്‌റ്റാഫിന്‌ രൂപം നൽകി. ഒപ്പം മൂന്ന്‌ സേനാ തലവന്മാരിലെയും സീനിയറായ വ്യക്തി ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിക്കാനും തീരുമാനമായി. 2011 ലെ നരേഷ്‌ ചന്ദ്ര കമ്മിറ്റി ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ കമ്മിറ്റി അധ്യക്ഷന്‌ രണ്ടുവർഷത്തെ സേവനകാലാവധി നൽകാൻ ശുപാർശ ചെയ്‌തു.

സിഡിഎസ്‌ പദവിക്ക്‌ സർക്കാർ രൂപം നൽകിയാൽ ഏറ്റവും വലിയ സേനാവിഭാഗമായ കരസേനയിൽനിന്നുള്ള ആളാകും ആ സ്ഥാനത്ത്‌ വരികയെന്ന ആശങ്കയാണ്‌ വ്യോമ–- നാവിക സേനകൾക്കുള്ളത്‌. അതുകൊണ്ടുതന്നെ വ്യോമ–- നാവിക സേനാമേധാവികളാണ്‌ തസ്‌തികയെ ശക്തമായി എതിർക്കുന്നത്‌. 
 


പ്രധാന വാർത്തകൾ
 Top