22 October Tuesday

ഒമാൻ ഉൾക്കടലിൽ ആക്രമണത്തിൽ തകരാറിലായ ടാങ്കറുകള്‍ യുഎഇയിൽ

അനസ് യാസിന്‍Updated: Monday Jun 17, 2019

മനാമ> ഒമാൻ ഉൾക്കടലിൽ ആക്രമണത്തിൽ തകരാറിലായ ജാപ്പനീസ് എണ്ണ ടാങ്കർ കൊകുക കറേജ്യസ് യുഎഇ തുറമുഖത്തെത്തിച്ചു. ഞായറാഴ്ച ഉച്ചയോടെ ഷാർജ കൽബാ തുറമുഖത്ത് എത്തിച്ച കപ്പലിന്റെ നഷ്ടം വിലയിരുത്തിയശേഷം മെഥനോൾ മറ്റൊരു ടാങ്കറിലേക്ക് മാറ്റുമെന്ന് പോർട്ട് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ തകരാറിലായ നോർവീജിയൻ ടാങ്കർ ഫ്രണ്ട് ഓൾടൈറിനെ ഫുജൈറയിലെ ഖോർഫക്കാൻ തുറമുഖത്തേക്ക് കൊണ്ടുവരും. ഈ കപ്പൽ ഇറാൻ സമുദ്രപരിധി പിന്നിട്ടിട്ടുണ്ട‌്. കപ്പലിലെ 23 നാവികരും ഇറാനിലെ ജാസ്‌കിൽനിന്ന‌് ദുബായിലെത്തി.

ഇരു ടാങ്കറുകളും വ്യാഴാഴ്ച രാവിലെയാണ് ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തെതുടർന്ന് ഇരു കപ്പലുകൾക്കും സാരമായ കേടുപാടുപറ്റി. കപ്പലുകളുടെ നിയന്ത്രണം നഷ്ടമായി. കൊകുക കറേജ്യസിലെ 21 നാവികരെയും ഫ്രണ്ട് ഓൾട്ടയറിലെ 23 ജീവനക്കാരെയും രക്ഷപ്പെടുത്തി. അബുദാബിയിൽനിന്ന് 75,000 ടൺ നാഫ്തയുമായി താ‌യ‌്‌വാനിലേക്ക് പോവുകയായിരുന്നു ഫ്രണ്ട് ഓൾടൈർ. സൗദിയിലെ ജുബൈലിൽനിന്ന് സിംഗപ്പുരിലേക്ക് മെഥനോളുമായി പോവുകയായിരുന്നു കൊകുക കറേജ്യസ്. ടാങ്കർ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും മൈനുകൾ ഇറാൻ സൈന്യം നീക്കം ചെയ്യുന്നതായി അവകാശപ്പെടുന്ന വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ആക്രമണം മേഖലയിൽ യുദ്ധത്തിനു കാരണമാകുമോ എന്ന ഭീതിയുണ്ട്. മേഖലയിൽ അമേരിക്ക സൈനികശേഷി വർധിപ്പിക്കുകയാണ്.

എണ്ണക്കപ്പൽ ആക്രമണങ്ങൾ വർധിച്ചതോടെ ഗൾഫ് മേഖലവഴി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് ചെലവ് 10 ശതമാനമായി വർധിച്ചു. കപ്പൽ വാടകയും വൻതോതിൽ വർധിച്ചു. സംഘർഷം വർധിച്ചാൽ ഇൻഷുറൻസ് ചെലവുകൾ ഇനിയും വർധിക്കും. ഹോർമുസ് കടലിടുക്കുവഴി എണ്ണനീക്കം കുറഞ്ഞേക്കുമെന്ന ഭീതിക്കും ആക്രമണം കാരണമായി. ആഗോളവിപണിയിൽ എണ്ണവില നാലുമുതൽ അഞ്ചു ശതമാനംവരെ ഉയർന്നു. ടാങ്കറുകളിൽ ഗൾഫിൽനിന്ന് ഏഷ്യയിലേക്ക് എണ്ണനീക്കം ചെയ്യുന്നതിനുള്ള പ്രതിദിന വാടകയിൽ 2000 ഡോളറിന്റെ വർധനയാണ് ഒരാഴ്ചയ‌്ക്കിടെ ഉണ്ടായത്. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറിന് ഏഴു ദിവസം നീളുന്ന യാത്രയ‌്ക്ക് രണ്ടു ലക്ഷം ഡോളർവരെ അധികച്ചെലവ് വരുന്നു. ഒരാഴ്ചയ‌്ക്കുമുമ്പ് നിലവിലുണ്ടായിരുന്ന ചെലവിന്റെ രണ്ടിരട്ടിയിലേറെയാണിതെന്ന് ഷിപ്പിങ‌് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. 2003-ൽ ഇറാഖ് യുദ്ധശേഷം ആദ്യമായാണ് ഗൾഫ് മേഖല വൻ സംഘർഷത്തിന് സാക്ഷിയാകുന്നത്. സൗദി യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ രാജ്യത്തിനുനേരെയുള്ള ഭീഷണികൾ ചെറുക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന‌് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top