24 August Saturday

ആണവകരാർ: ഇറാനും യുഎസും ചർച്ചയിലേക്ക്‌ മടങ്ങണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

ബ്രസൽസ‌്> ഇറാനും ലോകരാജ്യങ്ങളുമായുള്ള ആണവ ഉടമ്പടി നിലനിർത്താനുള്ള മാർഗങ്ങൾ തേടി യൂറോപ്യൻ രാജ്യങ്ങളുടെ വിദേശമന്ത്രിമാർ ബ്രസൽസിൽ യോഗം ചേർന്നു. അമേരിക്കയും ഇറാനും ചർച്ച പുനരാരംഭിക്കണമെന്ന‌് അവർ ആവശ്യപ്പെട്ടു. ആണവഉടമ്പടി മരിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്താൻ ഒരു ചെറിയ ജാലകം തുറന്നുകിടപ്പുണ്ടെന്നും ബ്രിട്ടൻ അഭിപ്രായപ്പെട്ടു.

അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന‌് ബ്രിട്ടീഷ‌് വിദേശ സെക്രട്ടറി ജെറെമി ഹണ്ട‌് മാധ്യമങ്ങളോട‌് പറഞ്ഞു. ഉടമ്പടി സംരക്ഷിക്കാൻ യൂറോപ്പ‌് ഒറ്റക്കെട്ടായി നിൽക്കണമെന്ന‌് ഫ്രഞ്ച‌് വിദേശമന്ത്രി ഴാങ‌് യവ‌്സ‌് ലെ ദ്രിയാൻ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തെറ്റായ തീരുമാനത്തോട‌് ഇറാൻ തെറ്റായാണ‌് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2015ൽ ഒബാമയുടെ കാലത്ത‌് ഇറാനുമായി ഒപ്പിട്ട ആണവഉടമ്പടിയിൽനിന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ഏകപക്ഷീയമായി പിന്മാറിയതോടെയാണ‌് വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടത‌്. തങ്ങൾക്കെതിരായ ഉപരോധങ്ങൾ നീക്കാൻ ഉടമ്പടി ഒപ്പുവച്ച പാശ്ചാത്യരാജ്യങ്ങൾ അമേരിക്കയോട‌് ആവശ്യപ്പെടണമെന്ന‌് ഇറാൻ ആവശ്യപ്പെട്ടിരുന്നു.

മാസങ്ങൾ കാത്തിരുന്നിട്ടും ഇത‌് സാധ്യമാകാത്ത സാഹചര്യത്തിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ‌് വീണ്ടും ചർച്ചകൾക്ക‌് വഴിയന്വേഷിച്ച‌് യൂറോപ്യൻ രാജ്യങ്ങൾ യോഗംചേർന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top