17 November Sunday

എണ്ണക്കപ്പല്‍ ആക്രമണം: ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടേക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

സിയോൾ > ഹോർമുസ‌് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണം എണ്ണയ്ക്കായി ​ഗല്‍ഫിനെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്  വലിയ തിരിച്ചടിയാകും. കപ്പലുകൾക്ക‌് നേരെ തുടർന്നും ആക്രമണമുണ്ടായേക്കാമെന്ന സ്ഥിതിയ്ക്ക‌് ഏഷ്യയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ‌് നയതന്ത്രഞ്ജർ. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ 80 ശതമാനം എണ്ണയും വാങ്ങുന്നത‌് പശ്ചിമേഷ്യയിൽ നിന്നാണ‌്. അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന‌് ഭീഷണിപ്പെടുത്തിയതോടെ ചൈന ഒഴികെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത‌് അവസാനിപ്പിച്ചിരുന്നു.

എന്നാൽ,  മറ്റു അറബ‌് രാജ്യങ്ങളിൽനിന്ന‌് ഹോർമുസ‌് വഴിയാണ് എണ്ണ എത്തുന്നത്.  ഏഷ്യന്‍ രാജ്യങ്ങളുടെ ജീവനാഡിയായാണ് നയതന്ത്രഞ്ജര്‍ ഹോര്‍മൂസ് കടലിടുക്കിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കക്കും ചൈനക്കും ഇന്ത്യക്കും പിന്നാലെ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോ​ഗ രാഷ്ട്രമായ ജപ്പാന്‍ 80 ശതമാനം എണ്ണയും ഹോര്‍മൂസ് വഴിയാണ് ഇറക്കുമതിചെയ്യുന്നത്. എണ്ണ കപ്പലുകള്‍ക്കെതിരായ ആക്രമണഭീതി ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയേയും പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യയുടേയും അവസ്ഥ സമാനമാണ്.ഇറാന്റെ പക്കൽ നിന്ന‌് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന അഞ്ച‌് രാജ്യങ്ങൾക്കെതിരെ അമേരിക്ക നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അമേരിക്ക ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഹോർമുസ‌് കടലിടുക്ക‌് അടച്ചിടുമെന്ന‌് ഇറാൻ നേരത്തെ മുന്നറിയിപ്പ‌് നൽകിയിരുന്നു.


പ്രധാന വാർത്തകൾ
 Top