31 March Tuesday

കൊറോണ: ചൈനയിൽ മരണം 1665; ജപ്പാനിലെ കപ്പലിലെ 2 ഇന്ത്യക്കാർക്കുകൂടി കൊറോണ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


ബീജിങ്‌
ചൈനയിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1665 ആയി. ഒടുവിൽ മരിച്ച 142 പേരിൽ 139 പേരും ഹൂബെയ്‌ പ്രവിശ്യക്കാരാണ്‌. രോഗബാധിതരുടെ എണ്ണം 68500 ആയി. 2009 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്‌. ഇതിൽ 1843 പേരും രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിലും അതടങ്ങുന്ന ഹൂബെയ്‌ പ്രവിശ്യയിലുമാണ്‌.

9419 പേർ ഇതുവരെ ചൈനയിൽ രോഗവിമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്‌. രോഗബാധിതരിൽ 1700ൽപരം ആരോഗ്യപ്രവർത്തകരുണ്ട്‌. രോഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തി ചൈനയിലുള്ള ലോകാരോഗ്യ സംഘടനാ വിദഗ്‌ധർ ചൈനീസ്‌ വിദഗ്‌ധരുമായി ചേർന്ന്‌ വിലയിരുത്തുമെന്ന്‌ ചൈനാ ആരോഗ്യ കമീഷൻ അറിയിച്ചു.

ലോകത്താകെ 69000ൽപരമാളുകൾക്ക്‌ കൊറോണ വൈറസ്‌ ബാധിച്ചിട്ടുണ്ട്‌. ഏഷ്യക്കുപുറത്ത്‌ ആദ്യ മരണം കഴിഞ്ഞദിവസം യൂറോപ്പിൽ ഫ്രാൻസിലുണ്ടായി. ഈജിപ്‌തിൽ ഒരാൾക്കും ബാധിച്ചതോടെ വെള്ളിയാഴ്‌ച രോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിലുമെത്തി.

ജപ്പാനിലെ കപ്പലിലെ 2 ഇന്ത്യക്കാർക്കുകൂടി കൊറോണ
കൊറോണ വൈറസ്‌ ബാധയെത്തുടർന്ന്‌ ജപ്പാൻതീരത്തിനടുത്ത്‌ തടഞ്ഞിട്ട ഡയമണ്ട്‌ പ്രിൻസസ്‌ യാത്രക്കപ്പലിലെ രണ്ടു ഇന്ത്യക്കാർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കപ്പലിൽ ഇതുവരെ 355 പേർക്കാണ്‌ കോവിഡ്‌–-19 (കൊറോണ) സ്ഥിരീകരിച്ചത്‌. പരിശോധനയിൽ രണ്ടുപേർകൂടി ‘പോസിറ്റീവ്‌’ ആണെന്ന്‌ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിലുള്ള മൂന്നു ഇന്ത്യൻ ജീവനക്കാർക്ക്‌ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പനിയും വേദനയും മാറി സുഖം പ്രാപിക്കുന്നതായും എംബസി ട്വീറ്റ്‌ചെയ്‌തു.

മൊത്തം 3711  യാത്രക്കാരുള്ള കപ്പലിൽ 132 ജീവനക്കാരടക്കം  138 ഇന്ത്യക്കാരാണുള്ളത്‌.  17നാണ്‌ കപ്പലിലുള്ളവരുടെ പരിശോധന തുടങ്ങിയത്‌. ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ട സാഹചര്യത്തിൽ ഇവരെ നാട്ടിലേക്ക്‌ എത്തിക്കാൻ നടപടി സ്വീകരിച്ചതായി എംബസി അറിയിച്ചതിന്‌ പിന്നാലെയാണ്‌ രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്‌.


പ്രധാന വാർത്തകൾ
 Top