19 October Saturday

ഡ്രോൺ ആക്രമണം : സൗദി എണ്ണയുല്‍പ്പാദനം പകുതിയാക്കി ; ആരാംകോയിൽനിന്ന്‌ പ്രതിദിനം ലഭിച്ചത്‌ രണ്ടുലക്ഷം ബാരൽ എണ്ണ

അനസ് യാസിന്‍Updated: Monday Sep 16, 2019



മനാമ
കിഴക്കൻ സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ–-സംഭരണശാലകൾക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി. 57 ലക്ഷം വീപ്പ എണ്ണയുൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.

ആക്രമണത്തെ തുടർന്ന് അബ്‌ഖൈഖിലെയും ഖുറൈസിലെയും ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്‌ച ആഗോള എണ്ണവിപണികൾ അവധിയായിരുന്നതിനാൽ ആക്രമണം എണ്ണവിലയെ എങ്ങനെ ബാധിക്കുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ.

ആരാംകോയുടെ 50 ശതമാനം ഉൽപ്പാദനം ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ടതായി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
 പൊട്ടിത്തെറിയെ തുടർന്ന് പ്രതിദിനം ഏഴു ലക്ഷം വീപ്പ പ്രകൃതിവാതകം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന 200 കോടി ക്യുബിക് അടി അനുബന്ധ വാതകത്തിന്റെ ഉൽപ്പാദനം നിർത്തിവച്ചു. പുതിയ വിവരം രണ്ടു ദിവസത്തിനകം അറിയിക്കുമെന്ന്‌ ആരാംകോ സിഇഎഒ അമിൻ നാസർ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ 3.31നും 3.42നുമാണ് കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണശാലയിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോൺ ആക്രമണമുണ്ടായത്.  ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ് അബ്‌ഖൈഖിലേത്. ആക്രമണം ആരാംകോ ഓഹരി പൊതുവിപണിയിൽ ഇറക്കാനുള്ള സൗദി പദ്ധതിയെ ബാധിച്ചേക്കും. സൗദി ഓഹരി വിപണികളിൽ ഞായറാഴ്‌ച ഇടിവുണ്ടായി.


പ്രധാന വാർത്തകൾ
 Top