12 August Wednesday

40,000 കപ്പൽത്തൊഴിലാളികൾ മാസങ്ങളായി കടലിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020


മയാമി
കോവിഡ്‌ ഭീഷണിമൂലം ലോകത്താകമാനം 40000ത്തിലധികം ആഡംബര കപ്പൽത്തൊഴിലാളികൾ മാസങ്ങളായി കടലിൽ കുടുങ്ങിക്കിടക്കുന്നു. ഇതിൽ പലർക്കും ശമ്പളവും ലഭിച്ചിട്ടില്ല. ചിലർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു‌. മാർച്ച്‌ അവസാനത്തോടെ ആഡംബര കപ്പലുകളിൽ കോവിഡ്‌ പടർന്നുപിടിച്ചതിനെത്തുടർന്നാണ്‌ പല കപ്പലുകളും യാത്ര അവസാനിപ്പിച്ചത്‌. കാർണിവൽ കോറിന്റെ ഡയമണ്ട്‌ പ്രിൻസസിലെ 600 പേർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലാണ്‌ ഇത്‌ നിരീക്ഷണത്തിലാക്കിയത്‌. ഇതിലെ 14 യാത്രികർ മരിച്ചു.

അമേരിക്കയുടെ സമുദ്രാതിർത്തിയിലൂടെ ജൂലൈ 24 വരെ ആഡംബര കപ്പലുകളുടെ യാത്ര രോഗപ്രതിരോധ കേന്ദ്രം നിരോധിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ കപ്പൽത്തൊഴിലാളികളെ സ്വന്തം രാജ്യത്തേക്ക്‌ തിരിച്ചയക്കാനും ശ്രമമുണ്ട്‌. കാർണിവൽ ക്രൂയിസ്‌ ലെയ്‌നിലെ 3000 തൊഴിലാളികൾ ക്രൊയേഷ്യയിലിറങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്തു. എംഎസ്‌സി ആഡംബര കപ്പലിലെ ആയിരത്തിലധികം തൊഴിലാളികളെ ഇന്ത്യയിൽ എത്തിച്ചു. റോയൽ കരീബിയനിലെ 1200 ഫിലിപ്പീൻസുകാരെ നാട്ടിൽ എത്തിച്ചു. കോവിഡ്‌ വ്യാപനമുണ്ടാകുമോ എന്ന ആശങ്കയിൽ ബാർബഡോസ്‌ ഒഴികെ കരീബിയൻ രാജ്യങ്ങളൊന്നും ആഡംബര കപ്പലുകളടുപ്പിക്കാൻ അനുവദിച്ചിരുന്നില്ല. ‌


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top