26 October Monday

ലോകത്തിന്‌ ഭീഷണി അമേരിക്ക: ചൈന

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

കേണൽ വൂ ഖിയാൻ


ബീജിങ്‌
അന്താരാഷ്‌ട്ര ക്രമത്തിനും ലോക സമാധാനത്തിനും ഏറ്റവും വലിയ ഭീഷണി അമേരിക്കയാണെന്ന്‌ ചൈന കുറ്റപ്പെടുത്തി. മേഖലകളിൽ അശാന്തിയുണ്ടാക്കുന്നതും അന്താരാഷ്‌ട്രക്രമം ലംഘിക്കുന്നതും ലോകസമാധാനം തകർക്കുന്നതും അമേരിക്കയാണ്‌ എന്നതിന്‌ വർഷങ്ങളായി തെളിവുകളുണ്ട്‌. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനിടെ ഇറാഖിലും സിറിയയിലും ലിബിയയിലും മറ്റ്‌ രാജ്യങ്ങളിലും അമേരിക്കൻ ഇടപെടൽമൂലം എട്ട്‌ ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളാകുകയും ചെയ്‌തു.

അമേരിക്കൻ പ്രതിരോധ വകുപ്പ്‌ സെപ്‌തംബർ രണ്ടിന്‌ പുറത്തിറക്കിയ റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക്‌ മറുപടിയായി  ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ്‌ കേണൽ വൂ ഖിയാൻ ആണ്‌ അമേരിക്കൻ അതിക്രമങ്ങൾ തുറന്നുകാണിച്ചത്‌. യുഎസ്‌ കോൺഗ്രസിനുള്ള അമേരിക്കൻ റിപ്പോർട്ട്‌ ചൈനയുടെ ലക്ഷ്യങ്ങളെയും ജനകീയ വിമോചന സേനയും(പിഎൽഎ) 140 കോടി ജനങ്ങളും തമ്മിലുള്ള ബന്ധവും കരുതിക്കൂട്ടി വളച്ചൊടിക്കുന്നതാണെന്ന്‌ ഖിയാൻ പറഞ്ഞു.

ആത്മപരിശോധന നടത്തുന്നതിന്‌ പകരം ചൈനയുടെ സ്വാഭാവിക പ്രതിരോധ, സൈനിക നിർമാണങ്ങളെക്കുറിച്ച്‌ തെറ്റായ പ്രസ്‌താവനകൾ അടങ്ങുന്നതാണ്‌ ആ റിപ്പോർട്ട്‌. ചൈനയുടെ ദേശീയ പ്രതിരോധത്തെയും സൈനിക നിർമാണങ്ങളെയും വസ്‌തുനിഷ്ഠമായും യുക്തിപൂർവമായും കാണാനും തെറ്റായ പ്രസ്‌താവനകൾ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ആരോഗ്യകരമായ സൈനികബന്ധം വികസിപ്പിക്കുന്നതിന്‌ മൂർത്തമായ നടപടികൾ സ്വീകരിക്കാനും പ്രസ്‌താവനയിൽ ഖിയാൻ ആവശ്യപ്പെട്ടു.

ചൈനയുടെ സൈനിക വികസനവും ലക്ഷ്യങ്ങളും അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾക്കും അന്താരാഷ്‌ട്രക്രമത്തിനും ഗുരുതര വിവക്ഷകൾ ഉളവാക്കുന്നതാണ് എന്നാണ്‌ നൂറ്റമ്പതിൽപ്പരം പേജുള്ള യുഎസ്‌ റിപ്പോർട്ടിലുള്ളത്‌. പിഎൽഎയുടെ ശേഷികളും സിദ്ധാന്തങ്ങളും അന്തിമ ലക്ഷ്യങ്ങളും പരിശോധിക്കുന്ന റിപ്പോർട്ട്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നു. റിപ്പോർട്ടിൽ വലിയ ഭാഗവും വിഘടിത പ്രദേശമായ തായ്‌വാനോടുള്ള ചൈനയുടെ സമീപനം വിലയിരുത്തുന്നതാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top