24 October Saturday

ജോൺസന്റെ ബ്രെക്‌സിറ്റ്‌ പദ്ധതി തള്ളണം: മുൻ പ്രധാനമന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


ലണ്ടൻ
ബ്രെക്‌സിറ്റ്‌ കരാറിനെ മറികടക്കാൻ യൂറോപ്യൻ യൂണിയനുമായി(ഇയു) ഏറ്റുമുട്ടി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പാർലമെന്റിൽ അവതരിപ്പിക്കുന്ന പദ്ധതി തള്ളണമെന്ന്‌ രണ്ട്‌ മുൻ പ്രധാനമന്ത്രിമാർ എംപിമാരോട്‌ ആഹ്വാനം ചെയ്‌തു. ജോൺസന്റെ കൺസർവേറ്റീവ്‌ പാർടിക്കാരനായ ജോൺ മേജറും പ്രതിപക്ഷ ലേബർ പാർടിക്കാരൻ ടോണി ബ്ലെയറും ‘ദ സൺഡെ ടൈംസ്‌’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്‌ ബ്രിട്ടനെ നാണക്കേടിൽനിന്ന്‌ രക്ഷിക്കാൻ എംപിമാരോട്‌ ആവശ്യപ്പെട്ടത്‌. ഇയുവുമായി ഉണ്ടാക്കിയ കരാർ ഏകപക്ഷീയമായി ലംഘിക്കാൻ ഒരുങ്ങുന്ന ജോൺസൻ രാജ്യത്തെ നാണം കെടുത്തുകയാണ്‌ എന്ന്‌ ഇവർ പറഞ്ഞു.

ഇയുവിൽനിന്ന്‌ ബ്രിട്ടന്‌ സുഗമമായി പുറത്തുകടക്കുന്നതിന്‌ ജനുവരി 31ന്‌ ഉണ്ടാക്കിയ കരാറിനെതിരെ സർക്കാർ തന്നെ രംഗത്തുവരുന്നത്‌ സർക്കാരിനും രാജ്യത്തിനും നാണക്കേടാണ്‌. തിങ്കളാഴ്‌ച പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ വരുന്ന ‘ആഭ്യന്തര വിപണി ബിൽ’ ബ്രിട്ടന്റെ ആത്മാർഥതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്‌ മുൻ പ്രധാനമന്ത്രിമാർ പറഞ്ഞു.
ബ്രിട്ടനും ഇയുവും  ഡിസംബർ 31നകം വ്യാപാര കരാറിലെത്തിയില്ലെങ്കിൽ മുൻ നിശ്ചയപ്രകാരം വടക്കൻ അയർലൻഡിലേക്കുള്ള ബ്രിട്ടീഷ്‌ ചരക്കുനീക്കം നിരീക്ഷിക്കാൻ ഇയുവിനുള്ള മേൽനോട്ടാവകാശം ദുർബലമാക്കുന്നതാണ്‌ ബിൽ. അയർലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കൻ അയർലൻഡാണ്‌ ബ്രിട്ടന്‌ ഇയുവുമായുള്ള കരബന്ധം.

ബ്രിട്ടനിൽനിന്ന്‌ ഇയുവിലേക്ക്‌ അനധികൃതമായി ചരക്കുകൾ പ്രവഹിക്കുന്നത്‌ തടയാനാണ്‌ മേൽനോട്ട സംവിധാനം.
ഉത്തര അയർലൻഡിനെ ബ്രിട്ടന്റെ ഭാഗമായി നിലനിർത്തി സമാധാനം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചവരാണ്‌ 1990 മുതൽ 97 വരെ പ്രധാനമന്ത്രിയായ മേജറും പിന്നീട്‌ 10 വർഷത്തോളം രാജ്യം ഭരിച്ച ബ്ലെയറും. അന്താരാഷ്‌ട്ര നിയമം ലംഘിക്കുന്നതാണ്‌ പുതിയ നിയമനിർമാണം എന്ന്‌ ബ്രിട്ടീഷ്‌ സർക്കാരും സമ്മതിക്കുന്നുണ്ട്‌. ബ്രിട്ടനെ വിഘടിപ്പിക്കാനാണ്‌ ഇയു  ശ്രമിക്കുന്നതെന്നും ഐറിഷ്‌ കടലിൽ ഉപരോധം ഏർപ്പെടുത്തും എന്ന അവരുടെ ഭീഷണി നേരിടാനാണ്‌ ബിൽ എന്നുമാണ്‌ ജോൺസന്റെ വാദം. എന്നാൽ, ഭരണകക്ഷി എംപിമാർ തന്നെ  ബില്ലിനെ എതിർക്കുന്നുണ്ട്‌. സർക്കാർ നിലപാട്‌ മാറ്റിയില്ലെങ്കിൽ ഇയുവുമായി വ്യാപാര കരാറിനുള്ള ചർച്ച ആഴ്‌ചകൾക്കകം പൊളിയും എന്ന്‌  ബ്രിട്ടനിൽ ആശങ്കയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top