24 October Thursday

പാക്‌ പിന്തുണയോടെ ഭീകരപ്രവർത്തനം: ഉൽക്കണ്‌ഠ അറിയിച്ച് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ജനീവ > പാകിസ്ഥാനിൽനിന്ന്‌ അതിർത്തികടന്നുള്ള ഭീകരപ്രവർത്തനം ഉയർത്തുന്ന ഭീഷണിയിൽ ഇന്ത്യ ഐക്യരാഷ്‌ട്ര സംഘടനയെ ഉൽക്കണ്‌ഠ അറിയിച്ചു. യുഎൻ മനുഷ്യാവകാശ കൗൺസിൽ മേധാവി മിഷേൽ ബാഷ്‌ലെയെ സന്ദർശിച്ച്‌ മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞ വിജയ്‌ ഠാക്കൂർ സിങ്‌ ജമ്മു കശ്‌മീരിൽ സ്ഥിതി സാധാരണഗതിയിലാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളും വിശദീകരിച്ചു.

വിദേശമന്ത്രാലയത്തിൽ കിഴക്കൻ മേഖലാ സെക്രട്ടറിയായ വിജയ്‌ കഴിഞ്ഞദിവസം കൗൺസിലിൽ പാകിസ്ഥാന്റെ ദുരുദ്ദേശ്യപരമായ പ്രചാരണത്തെയും പാക്‌ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനത്തെയും തുറന്നുകാട്ടിയിരുന്നു. അതിന്റെ തുടർച്ചയായാണ്‌ കൗൺസിൽ മേധാവിയുമായി ചർച്ച നടത്തിയത്‌.

മിഷേൽ ബാഷ്‌ലെ തിങ്കളാഴ്‌ച കശ്‌മീരിലെ സ്ഥിതിയിൽ കടുത്ത ഉൽക്കണ്‌ഠ പ്രകടിപ്പിച്ചിരുന്നു. മറ്റ്‌ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ പറയുന്നവർ സ്വന്തം രാജ്യത്ത്‌ അടിച്ചമർത്തുകയാണെന്ന്‌ ഇന്ത്യൻ നയതന്ത്രജ്ഞ ചൂണ്ടിക്കാട്ടി.
അതേസമയം, ഭീകരവാദത്തിന്റെ കേന്ദ്രമായ പാകിസ്ഥാൻ അടിസ്ഥാനരഹിതവും കബളിപ്പിക്കുന്നതുമായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കാൻ യുഎൻ വേദിയെ ദുരുപയോഗിക്കുകയാണെന്ന്‌ പൊതുസഭാ യോഗത്തിൽ യുഎന്നിലെ ഇന്ത്യൻ സംഘത്തിന്റെ ഒന്നാം സെക്രട്ടറി സന്ദീപ്‌ കുമാർ ബയ്യാപ്പു പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ 2018ലെ റിപ്പോർട്ട്‌ സംബന്ധിച്ച ചർച്ചയിൽ പാക്‌ പ്രതിനിധി മലീഹ ലോധി കശ്‌മീർ വിഷയം ഉന്നയിച്ച്‌ ഉയർത്തിയ വാദങ്ങൾക്ക്‌ മറുപടിയായാണ്‌ ബയ്യാപ്പു ഇക്കാര്യം പറഞ്ഞത്‌.

രക്ഷാസമിതിയുടെ പ്രവർത്തനത്തിലെ പല പിഴവുകളും ഘടനാപരമാണെന്നും അതിന്റെ രൂപഘടന യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അലിയ വിഭാഗം അംഗങ്ങളുടെ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുകയോ പ്രതിനിധാനംചെയ്യുകയോ ചെയ്യുന്നതല്ല രക്ഷാസമിതിയുടെ ഘടന. സ്ഥിര, അസ്ഥിര വിഭാഗങ്ങൾ വികസിപ്പിക്കലടക്കം രക്ഷാസമിതിയുടെ സമഗ്രമായ പരിഷ്‌കരണംമാത്രമാണ്‌ പരിഹാരമെന്ന്‌ മറ്റ്‌ പല അംഗരാജ്യങ്ങളെയുംപോലെ ഇന്ത്യക്കും ബോധ്യമുണ്ടെന്നും ബയ്യാപ്പു വ്യക്തമാക്കി. രാഷ്‌ട്രനേതാക്കൾ പങ്കെടുക്കുന്ന വാർഷിക പൊതുസഭാ സമ്മേളനം ഇൗ മാസം അവസാനം ചേരാനിരിക്കെയാണ്‌ യോഗം ചേർന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top