07 August Friday

അണയാതെ ലോകമെങ്ങും ഫ്ലോയിഡ്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jun 14, 2020

ജോർജ്‌ ഫ്ലോയിഡിന്റെ അനുശോചന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ വിതുമ്പി കരയുന്ന സഹോദരൻ ലാടോന്യ ഫ്ലോയിഡ്‌ ഫോട്ടോ: പിടിഐ


പാരീസ്‌/ ലണ്ടൻ
കറുത്തവംശക്കാരനായ ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തെതുടർന്ന്‌ പൊലീസിന്റെ വംശീയതയ്‌ക്ക്‌ എതിരെ അമേരിക്കയിൽ ആരംഭിച്ച പ്രക്ഷോഭത്തിന്‌ അണയാത്ത പിന്തുണയുമായി ലോകം. ഓസ്‌ട്രേലിയയിലും ക്യാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വാരാന്ത്യദിനത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ചില നഗരങ്ങളിൽ കോവിഡ്‌ വ്യാപനഭീതിയുടെ പേരിൽ റാലികൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ്‌ തലസ്ഥാനത്ത്‌ ഐക്യദാർഢ്യ പ്രക്ഷോഭകർക്കെതിരെ തീവ്രവലതുപക്ഷവും മാർച്ചിന്‌ പദ്ധതിയിട്ടതിനാൽ ലണ്ടൻ പൊലീസ്‌ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു. പ്രകടനക്കാർ നിശ്ചയിച്ച വഴി മാറ്റരുതെന്ന്‌ പൊലീസ്‌ നിർദേശിച്ചിരുന്നു. ഫ്രാൻസ്‌ തലസ്ഥാനത്ത്‌ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കടകൾ അടയ്‌ക്കണമെന്ന്‌ പൊലീസ്‌ ഉത്തരവിട്ടിരുന്നു. തീയിടാൻ പറ്റുന്ന സാധനങ്ങൾ നടപ്പാതകളിൽനിന്ന്‌ നീക്കണമെന്നും നിർദേശം നൽകിയിരുന്നു. പാരീസിനു പുറമെ മാഴ്‌സെ, ഇയും നഗരങ്ങളിലും പ്രകടനങ്ങളുണ്ടായി. 2016ൽ ഫ്രാൻസിൽ പൊലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ട കറുത്തവംശക്കാരനായ യുവാവ്‌ അദാമ ട്രൗറിക്ക്‌ നീതി കിട്ടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ പ്രകടനം നടത്തിയാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന്‌ ന്യൂ സൗത്ത്‌ വെയിൽസ്‌ പൊലീസ്‌ ഭീഷണിപ്പെടുത്തിയിരുന്നു. മെൽബൺ, ബ്രിസ്‌ബേൻ, ഡാർവിൻ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ റാലികളുണ്ടായി. ഇതിനിടെ ഓസ്‌ട്രേലിയയിൽ അടിമത്തം ഉണ്ടായിട്ടില്ലെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞതിന്‌ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസൺ മാപ്പ്‌ പറഞ്ഞു.

ക്യാനഡയിൽ ആദിവാസിവിഭാഗമായ അത്താബാസ്‌ക ചിപേവ്യൻ ഫസ്റ്റ്‌ നേഷന്റെ തലവൻ അലൻ ആദമിനെ പൊലീസ്‌ നിഷ്ഠുരമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടുക്കം പ്രകടിപ്പിച്ചു. ക്യാനഡയിലെ കറുത്തവർക്കും തദ്ദേശ വിഭാഗങ്ങൾക്കും പൊലീസിൽനിന്ന്‌ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന്‌ ട്രൂഡോ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top