22 January Saturday
കാതല്‍ ഷിയുടെ ചിന്താപദ്ധതി

ചരിത്രത്തില്‍ നിന്ന് കരുത്തുനേടി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021


ബീജിങ്
നൂറ്റാണ്ട് പിന്നിട്ട യാത്രയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ മഹത്തായ നേട്ടങ്ങളും ചരിത്രപരമായ അനുഭവങ്ങളും കമ്യൂണിസ്റ്റ് പാർടിയുടെ 19–--ാമത് സെൻട്രൽ കമ്മിറ്റിയുടെ ആറാമത് പ്ലീനം സമഗ്രമായി വിലയിരുത്തി. ചൈനയുടെ മുന്നേറ്റത്തിൽ മൗ സെ ദൊങ്, ദെങ് സിയാവോ പിങ്, ജിയാങ് സെമിൻ, ഹു ജിന്താവോ എന്നീ നേതാക്കളുടെ മുഖ്യ പങ്കാളിത്തം റിപ്പോർട്ട് സമഗ്രമായി അവലകോനം ചെയ്യുന്നു. ഓരോരുത്തരുടെ പങ്കിനെ അതത് കാലഘട്ടത്തിന്റെ സ്വഭാവ സവിശേഷത മുൻനിർത്തി വിലയിരുത്തി. 2012ലെ 18–ാം പാർടി കോൺഗ്രസിനുശേഷം ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ സിപിസി കേന്ദ്ര കമ്മിറ്റി പുത്തൻ ഊർജത്തോടെ മുന്നോട്ട് കുതിക്കുകയും അതി നിർണായക നേട്ടം കരസ്ഥമാക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയും ചെയ്‌തെന്നും ചൂണ്ടിക്കാട്ടുന്നു. ‘മുഖ്യനേതാവ്‌' എന്ന നിലയില്‍ ജനറൽ സെക്രട്ടറി ഷിയുടെ പദവിയുടെ പ്രാധാന്യവും പ്ലീനം അടിവരയിടുന്നു.

ജനകീയ ചൈന സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷം 2049ൽ നടക്കുമ്പോൾ ചൈന എത്തിച്ചേരേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയാണ് തയ്യാറാക്കിത്. പാര്‍ടിയും രാജ്യവും പുതിയ കാലഘട്ടത്തില്‍ 13 മേഖലയില്‍ കൈവരിച്ച നേട്ടം രേഖയില്‍ എടുത്തുപറയുന്നു.

കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 348 പേർ പ്ലീനത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ വിദഗ്ധരും അക്കാദമിക് പണ്ഡിതരും ബുദ്ധിജീവികളും വോട്ടിങ് അവകാശമില്ലാത്ത അംഗങ്ങളായി പ്ലീനത്തിന്റെ ഭാഗമായി. അടുത്തവർഷം രണ്ടാംപകുതിയിൽ ചേരുന്ന സിപിസിയുടെ 20–ാം പാർടി കോൺഗ്രസ് പാർടിക്കും രാജ്യത്തിനും പരമപ്രധാനമാണെന്നും പ്ലീനം രേഖയിലുണ്ട്.

കാതല്‍ ഷിയുടെ 
ചിന്താപദ്ധതി
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സൈന്യത്തിന്റെയും ചൈനീസ് ജനതയുടെയും പൊതുവായ സങ്കല്‍പ്പമായി ഷിയുടെ ചിന്താപദ്ധതി നിലനില്‍ക്കും. മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമായി ചൈനയെ മാറ്റാന്‍ ‘പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ചൈനീസ് സവിശേഷതകളോടുകൂടിയുള്ള സോഷ്യലിസം' എന്ന ചിന്താപദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഭാവിയിലേക്കുള്ള കുതിപ്പിന് ഊര്‍ജംപകരാനും ചരിത്രപരമായ ‘ദേശീയ പുനരുജ്ജീവനം' സാധ്യമാക്കാനുമുള്ള പ്രേരകശക്തിയുമാകും ഈ ആശയം. ‘കാലഘട്ടത്തിന്റെ ആവശ്യവും ചരിത്രത്തിന്റെ തെരഞ്ഞെടുപ്പും ചൈനീസ് ജനതയുടെ പൊതുവായ അഭിലാഷവുമാണിത്'- സിപിസി കേന്ദ്ര കമ്മിറ്റിയുടെ നയഗവേഷണ കാര്യാലയത്തിന്റെ തലവന്‍ ജിയാങ് ജിന്‍ഖ്വാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top