14 December Saturday

ബൊളീവിയൻ അട്ടിമറി: ലോകമെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ബ്രസീലിയ/ലാപാസ്‌ >  ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ പട്ടാളത്തിന്റെ സഹായത്തോടെ വലതുപക്ഷം അട്ടിമറിച്ചതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുയർന്നു. ലോകമെങ്ങും ഡസൻകണക്കിന്‌ നഗരങ്ങളിൽ മൊറാലിസിനോടും ബൊളീവിയൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ പ്രകടനങ്ങൾ നടന്നു.

അർജന്റീനയടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആ രാജ്യങ്ങളിൽ ജീവിക്കുന്ന ബൊളീവിയക്കാരും അണിചേർന്നു. അതേസമയം, അട്ടിമറിയിൽ ബൊളീവിയൻ പട്ടാളം വഹിച്ച പങ്കിനെ അഭിനന്ദിച്ച അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇത് വെനസ്വേലയിലെയും നിക്കരാഗ്വേയിലെയും ഇടതുപക്ഷ ഭരണാധികാരികൾക്ക്‌ താക്കീതാണെന്ന്‌ ഭീഷണി മുഴക്കി.

അഭയം നൽകിയ മെക്‌സിക്കോ സൈനിക വിമാനം അയച്ച്‌ മൊറാലിസിനെ മെക്‌സിക്കോയിൽ എത്തിച്ചു. താൻ കൂടുതൽ കരുത്തനായി തിരിച്ചുവരുമെന്ന്‌ മൊറാലിസ്‌ പറഞ്ഞു. ലാപാസിലും എൽ അൽതോ നഗരത്തിലും മറ്റും അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത്‌ സമാധാനത്തിനുവേണ്ടി ഞായറാഴ്‌ച രാജിവച്ച മൊറാലിസിനെ തടവിലാക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യാൻ വലതുപക്ഷം പദ്ധതിയിട്ടിരുന്നു. മൊറാലിസിനൊപ്പം രാജിവച്ച നിരവധി മന്ത്രിമാരും മറ്റും വിവിധ രാജ്യങ്ങളുടെ എംബസികളിൽ അഭയംതേടിയിരിക്കുകയാണ്‌.

 ബൊളീവിയയിലെ ഭരണഘടനാപരമായ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ച നടപടിയെ തള്ളിക്കളയുന്നതായി ലോക സമാധാന കൗൺസിൽ പ്രസ്‌താവനയിൽ അറിയിച്ചു. മേഖലാ കൂട്ടായ്‌മയായ ഒഎഎസ്‌ അട്ടിമറിക്ക്‌ സഹായകമായ നിലപാടെടുത്തതിനെ മെക്‌സിക്കൻ പ്രസിഡന്റ്‌ ലോപസ്‌ ഒബ്രാദോർ കുറ്റപ്പെടുത്തി.
മൊറാലിസിനൊപ്പം വൈസ്‌ പ്രസിഡന്റും സെനറ്റ്‌ അധ്യക്ഷനും സ്‌പീക്കറും രാജിവച്ചതിനാൽ സെനറ്റ്‌ ഉപാധ്യക്ഷ ജിയാനിൻ അനെസ്‌ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ പടരുന്ന അക്രമം തടയാൻ പൊലീസ്‌ പട്ടാളത്തിന്റെ സഹായം തേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top