12 December Thursday

വ്യാപാര യുദ്ധത്തിന് അയവ്‌: ചൈന‐ യുഎസ്‌ വ്യാപാര കരാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

വാഷിങ്‌ടൺ > ചൈനയും അമേരിക്കയുമായി 15 മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിന്‌ അയവുവരുത്തി ഒന്നാംഘട്ട വ്യാപാര കരാറിന്‌ ധാരണയായി. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ചൈനയുടെ ഉപപ്രധാനമന്ത്രി ല്യു ഹേയും നടത്തിയ ചർച്ചയിലാണ്‌ ലോകത്തെ ആശങ്കയിലാക്കിയ വ്യാപാരയുദ്ധത്തിന്‌ അയവുവരുത്തുന്ന തീരുമാനങ്ങൾ. വളരെ ഗണ്യമായ ഒന്നാംഘട്ട വ്യാപാര കരാറിലെത്തിയതായി ട്രംപ്‌ പ്രഖ്യാപിച്ചു. ചൈന–-അമേരിക്ക സാമ്പത്തികബന്ധം നല്ല നിലയിൽ നിലനിർത്തുക എന്നത്‌ ഈ രാജ്യങ്ങളുടെയും ലോകത്തിന്റെ ആകെയും താൽപ്പര്യമാണെന്ന്‌ ഇരുരാജ്യങ്ങളും അംഗീകരിക്കുന്നതായി ല്യു ഹേ പറഞ്ഞു.

ധാരണകൾ രേഖയാക്കാൻ അഞ്ച്‌ ആഴ്‌ചവരെ എടുക്കും. നവംബറിൽ ചിലിയിൽ ട്രംപും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും നടത്തുന്ന ചർച്ചയിൽ കരാർ ഒപ്പിടും. തുടർന്ന്‌ രണ്ടാംഘട്ട വ്യാപാര കരാറിന്‌ ചർച്ചകൾ ആരംഭിക്കും. ബൗദ്ധിക സ്വത്തവകാശം, ധനകാര്യ സേവനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ്‌ വെള്ളിയാഴ്‌ച ധാരണയായത്‌. 5000 കോടി ഡോളറിന്റെവരെ കാർഷികോൽപ്പന്നങ്ങൾ അമേരിക്കയിൽനിന്ന്‌ ചൈന ഇറക്കുമതി ചെയ്യും. ഇത്‌ നിലവിലുള്ള ഇറക്കുമതിയുടെ മൂന്നിരട്ടിയോളം വരുമെന്ന്‌ ട്രംപ്‌ പറഞ്ഞു. 25000 കോടി ഡോളറിന്റെ ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ ചൊവ്വാഴ്‌ചമുതൽ തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്‌ അമേരിക്ക മരവിപ്പിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിന്റെ കാര്യത്തിലും നല്ല പുരോഗതിയുണ്ടായതായി ട്രംപ്‌ പറഞ്ഞു. ചില കൈമാറ്റങ്ങൾ ഒന്നാംഘട്ട കരാറിലുൾപ്പെടുത്തും. ചില കറൻസിയും വിദേശനാണ്യവുമാണ്‌ ധാരണയിലെത്തിയ മറ്റ്‌ രണ്ടു കാര്യങ്ങൾ. അമേരിക്ക–-ചൈന ധാരണയെ കമ്പനികൾ സ്വാഗതം ചെയ്‌തു. എന്നാൽ, ആഗോള വളർച്ചയ്‌ക്ക്‌ ഭീഷണിയായ സാങ്കേതികവിദ്യകളുടെ കാര്യത്തിലടക്കം ചില പ്രധാന വിഷയങ്ങളിൽ ധാരണ അകലെയാണെന്ന്‌ സാമ്പത്തികവിദഗ്ധർ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top