04 August Tuesday

യുഎസിൽ 1.38 ലക്ഷം മരണം ; ട്രംപും മാസ്‌കിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ കോവിഡ്‌ ബാധിച്ചുമരിച്ചവരുടെ എണ്ണം 1.38 ലക്ഷം കടന്നിരിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആദ്യമായി പൊതുസ്ഥലത്ത്‌ മാസ്‌ക്‌ ധരിച്ചു. മാസ്‌ക്‌ ധരിച്ചാൽ ദുർബലനായി തോന്നിപ്പിക്കുമെന്നു കരുതുന്ന ട്രംപ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർഥിയാകുന്ന ജോ ബൈഡനെ മാസ്‌ക്‌ ധരിക്കുന്നതിന്റെ പേരിൽ പരിഹസിച്ചിരുന്നു.

ശനിയാഴ്‌ച വാഷിങ്‌ടണൊടടുത്തുള്ള വാൾട്ടർ റീഡ്‌ ദേശീയ സൈനിക ആശുപത്രി സന്ദർശിച്ചപ്പോഴാണ്‌ ട്രംപ്‌ മാസ്‌ക്‌ ധരിച്ചത്‌. ആശുപത്രിയിൽ മാസ്‌ക്‌ ധരിക്കുന്നത്‌ വലിയ കാര്യമാണെന്ന്‌ ട്രംപ്‌ വൈറ്റ്‌ഹൗസിൽ നിന്നിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു.  ആശുപത്രിക്കു സമീപം ഹെലികോപ്‌റ്ററിൽനിന്ന്‌ ഇറങ്ങിയശേഷമാണ്‌ മാസ്‌കിട്ടത്‌.

പൊതുസ്ഥലത്ത്‌ കടയിലോ ഫാർമസിയിലോ സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്തിടത്ത്‌ മാസ്‌ക്‌ ധരിക്കണമെന്ന്‌ വാൾട്ടർ റീഡ്‌ ആശുപത്രിയുടെ വെബ്‌സൈറ്റിൽ നിർദേശിച്ചിട്ടുണ്ട്‌. മിഷിഗണിൽ ഫോർഡിന്റെ ഒരു പ്ലാന്റ്‌ സന്ദർശിച്ചപ്പോൾ ഒരു സ്വകാര്യ കൂടിക്കാഴ്‌ചയിൽ മാത്രമാണ്‌ മുമ്പ്‌ ട്രംപ്‌ മാസ്‌ക്‌ ധരിച്ചതായി അറിവുള്ളത്‌. ട്രംപിന്റെ മാസ്‌ക്‌ വിരുദ്ധ നിലപാട്‌ പല റിപ്പബ്ലിക്കൻ ഗവർണർമാരും അണികളും അനുകരിക്കുന്നത്‌ അമേരിക്കയിൽ രോഗവ്യാപനവും മരണവും മൂർച്ഛിപ്പിക്കുന്നതിന്‌ ഇടയാക്കിയെന്നാണ്‌ റിപ്പോർട്ട്‌. മാർച്ചിൽ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തു തുടങ്ങിയ അമേരിക്കയിൽ ഏപ്രിലിൽ മൂർധന്യഘട്ടത്തിൽ എത്തിയശേഷം കുറഞ്ഞതായിരുന്നു. എന്നാൽ, ഇപ്പോൾ രോഗവ്യാപനവും മരണവും വീണ്ടും കുതിച്ചുയരുകയാണ്‌. ശനിയാഴ്‌ചയും 732 മരണം റിപ്പോർട്ട്‌ ചെയ്‌തു. ഇതിനകം 34 ലക്ഷത്തിൽപ്പരം ആളുകൾക്ക്‌ രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരണസംഖ്യ 1.38 ലക്ഷം കടന്നു. 50ൽ 27 സംസ്ഥാനത്തും മരണസംഖ്യ വർധിക്കുകയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top