04 July Saturday

കോവിഡ്‌ കാലത്ത്‌ സമാധാനം: യുഎൻ ശ്രമം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020

അന്റോണിയോ ഗുട്ടെറസ്‌


ഐക്യരാഷ്‌ട്ര കേന്ദ്രം
കോവിഡ്‌ മഹാമാരിക്കെതിരെ ഐക്യത്തോടെ പോരാടാൻ സംഘർഷമേഖലകളിൽ വെടിനിർത്തലിന്‌ ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കാൻ യുഎൻ രക്ഷാസമിതി ശ്രമം തുടരുന്നു. മാർച്ച്‌ 23ന്‌ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആഹ്വാനം ചെയ്‌ത ആഗോള വെടിനിർത്തലിന്‌ പിന്തുണ നൽകുന്ന പ്രമേയം അമേരിക്കൻ എതിർപ്പ്‌ മൂലമാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച പരാജയപ്പെട്ടത്‌.

ഫ്രാൻസും ടുണീഷ്യയും ചേർന്ന്‌ 15 അംഗ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത്‌ വോട്ട്‌ ചെയ്‌തത്‌ അമേരിക്ക മാത്രമാണ്‌. ചൊവ്വാഴ്‌ച ജർമനിയും എസ്‌തോണിയയും ചേർന്ന്‌ ഹ്രസ്വമായ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്‌. ഇത്‌ അംഗീകരിക്കാൻ അമേരിക്കയെ അനുനയിപ്പിക്കാനുള്ള ശ്രമം മറ്റ്‌ പ്രധാന രാജ്യങ്ങൾ തുടരുകയാണ്‌.

ഇതിനിടെ, തെക്കൻ സുഡാനിൽ പൗരന്മാരെ സംരക്ഷിക്കാൻ യുഎൻ നടത്തുന്ന ക്യാമ്പിൽ രണ്ട്‌ യുവാക്കൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 30,000 ആളുകൾ തിങ്ങിനിറഞ്ഞ ജൂബയിലെ ക്യാമ്പിലാണ്‌ രോഗബാധിതരുള്ളത്‌. ആഭ്യന്തരയുദ്ധത്തിന്‌ വിരാമമിട്ട സമാധാന കരാറിനെ തുടർന്ന്‌ ദക്ഷിണ സുഡാനിൽ വിവിധ ഭാഗങ്ങളിൽ യുഎൻ നടത്തുന്ന ക്യാമ്പുകളിൽ രണ്ടു ലക്ഷത്തോളം ആളുകളുണ്ട്‌. ലോകത്താകെ യുഎന്നിന്റെ ക്യാമ്പുകളിൽ ഒരുകോടിയോളം ആളുകളുണ്ട്‌. ഇവരെയൊന്നും പരിശോധിച്ചിട്ടില്ലാത്തതിനാൽ ആശങ്കയുണ്ട്‌.

● വടക്കൻ ഇസ്രയേലിൽ വിലക്കുലംഘിച്ച്‌ മതകേന്ദ്രത്തിൽ തിങ്ങിക്കൂടിയവരെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിനുനേരെ ആക്രമണം. 300 പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൗണ്ട്‌ മെറോണിൽ ആൾക്കാർ കൂടുന്നതിനെതിരെ നിർദേശങ്ങളും ഉണ്ടായിരുന്നെങ്കിലും നൂറുകണക്കിന്‌ യാഥാസ്ഥിതിക ജൂതർ എത്തിയിരുന്നു.

●ഗ്രീസിലെ കിഴക്കൻ ദ്വീപിൽ ലെസ്‌ബോസിലുള്ള ഒരു ക്യാമ്പിൽ തുർക്കിയിൽനിന്ന്‌ കഴിഞ്ഞയാഴ്‌ച എത്തിയ രണ്ട്‌ കുടിയേറ്റക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top