26 November Thursday

റഷ്യയിൽ രോഗികൾ 5 ലക്ഷം; രോഗബാധിതരുടെ എണ്ണത്തിൽ റഷ്യ മൂന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 12, 2020


മോസ്‌കോ/വാഷിങ്‌ടൺ
റഷ്യയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം അഞ്ച്‌ ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയ്‌ക്കും(20.90 ലക്ഷം), ബ്രസീലിനും(8 ലക്ഷം) പിന്നിൽ മൂന്നാമതാണ്‌ റഷ്യ. അവിടെ മരണസംഖ്യ 6500 കടന്നു. ഇത്രയധികം രോഗികളുണ്ടായിട്ടും മരണസംഖ്യ താരതമ്യേന കുറഞ്ഞിരിക്കുന്നത്‌ കണക്കുകൾ മറച്ചുവയ്‌ക്കുന്നതിനാലാണെന്ന്‌ വിമർശനമുണ്ട്‌. എന്നാൽ റഷ്യൻ അധികൃതർ ഇത്‌ നിഷേധിക്കുന്നു.

അമേരിക്കയിൽ രോഗബാധാ നിരക്ക്‌ വർധിക്കാതെ സമനിരപ്പിലായാലും സെപ്‌തംബറോടെ മരണസംഖ്യ രണ്ട്‌ ലക്ഷം കടക്കുമെന്ന്‌ ഇന്ത്യൻ അമേരിക്കൻ
പ്രൊഫസർ ആഷിഷ്‌ ഝാ പറഞ്ഞു. രോഗവ്യാപനം നാടകീയമായി കുറയുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ ആഗ്രഹചിന്ത മാത്രമാണെന്ന്‌ ഹാർവാഡിലെ ഗ്ലോബൽ ഹെൽത്ത്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ തലവനായ ആഷിഷ്‌ പറഞ്ഞു.

ഇപ്പോഴും പ്രതിദിന മരണം 800നും 1000നും ഇടയിലാണ്‌. ഏറ്റവും ബാധിച്ച ന്യൂയോർക്‌, ന്യൂ ഓർലിയൻസ്‌, കണക്ടിക്കട്ട്‌, മാസച്യുസെറ്റ്‌സ്‌ എന്നിവിടങ്ങളിൽ രോഗം കുറഞ്ഞെങ്കിലും അരിസോണ, ഫ്‌ളോറിഡ‌, ടെക്‌സസ്‌, ഉത്തര–-ദക്ഷിണ കാരലൈനകൾ എന്നിവിടങ്ങളിൽ കൂടുകയാണ്‌. അമേരിക്കയിൽ ബുധനാഴ്‌ച വരെ 1.15 ലക്ഷത്തിലധികം പേരാണ്‌ മരിച്ചത്‌.

● യൂറോപ്പിലേക്ക്‌ അത്യാവശ്യമല്ലാത്ത യാത്രകൾക്ക്‌ ഏർപ്പെടുത്തിയ വിലക്കിൽ ഇളവുവരുത്താൻ പദ്ധതിയുള്ളതായി യൂറോപ്യൻ യുണിയൻ പ്രഖ്യാപിച്ചു. വിദേശ വിദ്യാർഥികൾ, യൂറോപ്പിൽ താമസിച്ചുവന്ന ഇയു ഇതര രാജ്യക്കാർ, ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികൾ എന്നിവർക്ക്‌ ജൂലൈ ഒന്നുമുതൽ ഇളവ്‌ നൽകിയേക്കും.

●പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്‌(എൻ) പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ്‌ ഷെറീഫിന്റെ അനുജനുമായ ഷെഹ്‌ബാസ്‌ ഷെറീഫിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്‌ക്ക്‌ മുന്നിൽ ഹാജരാകേണ്ടിയിരുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top