19 September Saturday

11 അമേരിക്കൻ നേതാക്കൾക്ക്‌ ചൈനയുടെ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ബീജിങ്‌
യുഎസ്‌ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളും അമേരിക്കൻ സംഘടനകളുടെ തലവന്മാരുമായ 11 പ്രമുഖർക്ക്‌ ചൈന ഉപരോധം ഏർപ്പെടുത്തി. സെനറ്റർമാരായ മാർക്കോ റൂബിയോ റ്റെഡ്‌ ക്രൂസ്‌, ജോഷ്‌ ഹോവ്‌ളി, ടോം കോട്ടൺ, പ്രതിനിധിസഭാംഗം ക്രിസ്‌ സ്‌മിത്ത്‌ എിവരാണ്‌ ഉപരോധം ഏർപ്പെടുത്തപ്പെട്ട കോൺഗ്രസ്‌ അംഗങ്ങൾ. റൂബിയോക്കും ക്രൂസിനുമെതിരെ നേരത്തേ ചൈന യാത്രാവിലക്ക്‌ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ, വിവിധ രാജ്യങ്ങളിലുണ്ടായ അട്ടിമറികളിൽ പങ്കുള്ള നാഷണൽ എൻഡോവ്‌മെന്റ്‌ ഫോർ ‘ഡെമോക്രസി’, ഫ്രീഡം’ ഹൗസ്‌ എന്നിവരുടെ തലവന്മാർക്കും ഉപരോധമുണ്ട്‌. അമേരിക്കൻ സർക്കാർ ധനസഹായത്തോടെ മറ്റ്‌ രാജ്യങ്ങളിൽ ഇടപെടുന്ന സംഘടനകളാണിവ. ഹോങ്കോങ്ങിൽ വിഘടന പ്രവർത്തനങ്ങൾക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ പേരിൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ചൈനീസ്‌ നേതാക്കളുടെ എണ്ണത്തിന്‌ തുല്യമായ എണ്ണം അമേരിക്കൻ നേതാക്കൾക്കാണ്‌ ചൈനയുടെ തിരിച്ചടി.

ഇതിനിടെ ഹോങ്കോങ്ങിൽ ചൈനാവിരുദ്ധ പ്രചാരണത്തിന്റെ മുന്നിലുള്ള മാധ്യമ കുത്തക ജിമ്മി ലായ്‌ അടക്കം ഒമ്പതുപേരെ ഹോങ്കോങ് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ലായ്‌യുടെ ഉടമസ്ഥതയിലുള്ള ‘നെക്‌സ്‌റ്റ്‌ ഡിജിറ്റൽ’ ഗ്രൂപ്പിന്റെ ആസ്ഥാനത്ത്‌ മിന്നൽ പരിശോധന നടത്തി നിരവധി രേഖകളും മറ്റും പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും ലായ്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടിരുന്നു. ചൈനയിൽ കുറ്റം ചെയ്യുന്ന ഹോങ്കോങ്ങുകാരെ ചൈനയ്‌ക്ക്‌ വിട്ടുകൊടുക്കുന്നതിനുള്ള നിയമത്തിന്റെ കരട്‌ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ ജനങ്ങളെ ലായ്‌ കലാപത്തിനിറക്കിയിരുന്നു. ഇതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌, സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ എന്നിവരുമായി കഴിഞ്ഞവർഷം വൈറ്റ്‌ഹൗസിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കലാപനീക്കത്തെ തുടർന്ന്‌ നിയമം ചൈന പിൻവലിച്ചു.യുഎസ്‌ ആരോഗ്യ സെക്രട്ടറി അലെക്‌സ്‌ അസർ പ്രകോപനപരമായ സന്ദർശനത്തിന്‌ തായ്‌വാനിൽ എത്തിയിരിക്കെയാണ്‌ അമേരിക്കയ്‌ക്ക്‌ തിരിച്ചടിയായി ചൈനയുടെ നടപടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top