07 August Friday

ലാറ്റിനമേരിക്കയിൽ കൂടുതൽ ഉന്നതർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


ലാപാസ്‌
ബ്രസീൽ പ്രസിഡന്റ്‌ ജെയ്‌ർ ബോൾസനാരോയ്‌ക്ക്‌ പിന്നാലെ ലാറ്റിനമേരിക്കയിൽ മറ്റ്‌ പല രാജ്യങ്ങളിലും ഉന്നത നേതാക്കൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ബൊളിവിയയിൽ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ പട്ടാള പിന്തുണയോടെ അട്ടിമറിച്ച്‌ അധികാരമേറ്റ ജിയാനിൻ അനിസിനും  മന്ത്രിസഭയിലെ മൂന്ന്‌ പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. വെനസ്വേലയിൽ ഭരണകക്ഷിയായ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ പ്രസിഡന്റും ദേശീയ ഭരണഘടനാ സമിതി അധ്യക്ഷനുമായ ദിയസ്‌ദാദോ കബെയ്യോയ്‌ക്ക്‌ കോവിഡ്‌ ബാധിച്ചു.

ഹോണ്ടുറാസ്‌ പ്രസിഡന്റ്‌ ഒർലാന്ദോ ഹെർണാണ്ടസിന്‌ ജൂണിൽ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തെക്കനമേരിക്ക–-കരീബിയൻ മേഖല കോവിഡ്‌ ഹോട്ട്‌സ്‌പോട്ടായതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ അറിയിച്ചു.ബൊളിവിയയിൽ വ്യാപനം രൂക്ഷമാണ്‌. അവിടെ 45000ൽപരം രോഗികളായി. മരണസംഖ്യ 1600 കടന്നു. പർവതനഗരമായ കൊച്ചബാംബയിൽ തെരുവിൽ മൃതശരീരങ്ങൾ കിടക്കുകയാണ്‌. ശവപ്പെട്ടികൾ വീടുകളിൽ നിന്ന്‌ കൊണ്ടുപോകാൻ താമസം നേരിടുകയാണ്‌. വെനസ്വേലയിൽ എണ്ണായിരത്തോളം പേർക്കാണ്‌ ഇതുവരെ രോഗം കണ്ടത്‌. 75 പേർ മരിച്ചു.

അതേസമയം അമേരിക്കയിലെ ടെക്‌സാസിൽ ആദ്യമായി ഒറ്റദിവസത്തെ മരണം 100 കടന്നു. തുടർച്ചയായി മൂന്നുദിവസം പ്രതിദിന മരണസംഖ്യ റെക്കോഡാകുകയാണ്‌. 105 പേരാണ്‌ വ്യാഴാഴ്‌ച മരിച്ചത്‌. 9782 പേർക്ക്‌ അന്ന്‌ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത്‌ രണ്ടര ലക്ഷത്തോടടുക്കുകയാണ്‌. മരണസംഖ്യ 3000 കടന്നു. പാകിസ്ഥാനിൽ മരണസംഖ്യ 5000 കടന്നു. 75 മരണമാണ്‌ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതുവരെ ആകെ മരണസംഖ്യ 5058.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top