20 September Sunday

യുഎസ്‌ തെരഞ്ഞെടുപ്പിൽ റഷ്യ–-ചൈന ‘യുദ്ധം’

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇത്തവണ ആര്‌ ജയിക്കും? റഷ്യയോ ചൈനയോ? പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അത്‌ റഷ്യയുടെ വിജയം ആയിരിക്കും എന്നാണ്‌ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന. ഡെമോക്രാറ്റിക്‌ പാർടിക്കാരനായ മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ ജയിച്ചാൽ ചൈനയിലും ആഹ്ലാദമുയരും. ആശയക്കുഴപ്പം മൂർച്ഛിപ്പിക്കാൻ ഇറാനും രംഗത്തുണ്ടെന്നാണ്‌ അമേരിക്കൻ ചാരന്മാർ നൽകുന്ന വിവരം.

അമേരിക്കയുടെ നാഷണൽ കൗണ്ടർ ഇന്റലിജൻസ്‌ ആൻഡ്‌ സെക്യൂരിറ്റി സെന്റർ ഡയറക്ടർ വില്യം ഇവാനിന കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്‌താവനയിൽ റഷ്യയുടെ കളികളാണ്‌ എടുത്തുപറയുന്നത്‌. ചൈന പ്രകടമായി രംഗത്തുള്ളതിന്റെ തെളിവുകൾ ഇല്ലെങ്കിലും ട്രംപ്‌ തോൽക്കണം എന്ന്‌ അവർ ആഗ്രഹിക്കുന്നതായി  ഇവാനിന കരുതുന്നു.

ജോ ബൈഡനെ മോശക്കാരനാക്കാൻ റഷ്യ പല മാർഗങ്ങളും സ്വീകരിക്കുന്നതായി ഇവാനിന പറഞ്ഞു. ബൈഡൻ ഒബാമയുടെ വൈസ്‌ പ്രസിഡന്റായിരുന്നപ്പോൾ റഷ്യ ഉയർത്തിവന്ന വിമർശനങ്ങളുടെ തുടർച്ചയിലാണ്‌ ഇത്‌. ബൈഡനെതിരെ ഉക്രെയ്‌നിലെ റഷ്യൻ അനുകൂലിയായ രാഷ്‌ട്രീയക്കാരൻ ആന്ദ്രി ദെർക്കാച്ച്‌ അഴിമതി ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജൂലിയാനിയുമായി ദെർക്കാച്ച്‌ നിരന്തരം കൂടിക്കാഴ്‌ച നടത്തിയത്‌ പുറത്തായിട്ടുണ്ട്‌. റഷ്യൻ ടെലിവിഷൻ ചാനലുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ട്രംപിനെ ഉയർത്തിക്കാട്ടാനുള്ള പ്രചാരണങ്ങളുമുണ്ടെന്ന്‌ ഇവാനിന പറയുന്നു.ട്രംപ്‌ നിയമിച്ച ഉദ്യോഗസ്ഥനാണ്‌ ഇവാനിന. ഇവാനിനയുടെ പ്രസ്‌താവനയിൽ ചൈനയുടെ പേരാണ്‌ ആദ്യം പറയുന്നതെങ്കിലും അവരുടെ പ്രത്യക്ഷ ഇടപെടലുകൾക്ക്‌ തെളിവ്‌ ഇല്ല. എന്നാൽ, നയരൂപീകരണത്തിൽ ഇടപെടാവുന്ന തരത്തിൽ  തെരഞ്ഞെടുപ്പിനുമുമ്പ്‌ അമേരിക്കയിൽ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമിക്കുന്നതായി പറയുന്നു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ മറച്ചുവയ്‌ക്കുന്നതായി യുഎസ്‌ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസിയടക്കം ഡെമോക്രാറ്റിക്‌ പാർടി നേതാക്കൾ ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെയാണ്‌ ഇവാനിനയുടെ വെളിപ്പെടുത്തൽ.

റഷ്യയെ സംബന്ധിച്ച കണ്ടെത്തലുകൾ തള്ളിയ ട്രംപ്‌ താൻ തോൽക്കാനാണ്‌ റഷ്യ ആഗ്രഹിക്കുന്നതെന്ന്‌ അവകാശപ്പെട്ടു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനെതിരെ റഷ്യ നടത്തിയ ഇടപെടലാണ്‌ ട്രംപിനെ വിജയിപ്പിച്ചത്‌ എന്ന വിശ്വാസം ശക്തമാണ്‌. ഇത്‌ അന്വേഷിച്ച മുള്ളർ കമീഷനും റഷ്യൻ ഇടപെടൽ ശരിവച്ചെങ്കിലും ട്രംപിന്റെ പ്രചാരണവിഭാഗത്തിന്‌ അതിൽ പങ്കുണ്ടായിരുന്നതായി സ്ഥാപിക്കാൻ കഴിഞ്ഞില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top