28 September Wednesday

ശ്രീലങ്ക: പതനത്തിന്റെ നാൾവഴി

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

ശ്രീലങ്കൻ ജനത ഇരച്ചുകയറി  പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കുന്നതുവരെയുള്ള സംഭവവികാസങ്ങളുടെ നാൾവഴികൾ ഇങ്ങനെ .

2022 മാർച്ച്‌ 16
സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തിയ ലങ്കയിൽ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷ പാർടി സമാഗി ജന ബലവേഗയ (എസ്‌ജെബി)യുടെ പതിനായിരക്കണക്കിനു പ്രവർത്തകർ പ്രസിഡന്റിന്റെ ഓഫീസിനുമുന്നിൽ പ്രകടനം നടത്തി.

മാർച്ച്‌ 31
പ്രക്ഷോഭകർക്കുനേരെ പൊലീസ്‌ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി.

ഏപ്രിൽ 2
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  സൈന്യത്തെ വിന്യസിച്ചു.

ഏപ്രിൽ 3
സമൂഹമാധ്യമങ്ങൾക്ക്‌ 15 മണിക്കൂർ വിലക്ക്‌. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി ഏജൻസി ചെയർമാൻ ഒഷാദ സേനാനായകെ രാജിവച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ മകനടക്കം മന്ത്രിസഭയിലെ അംഗങ്ങളും രാജിവച്ചു.

ഏപ്രിൽ 4
ഭരണപ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷവുമായി ഭരണം പങ്കിടാമെന്ന ഗോതബായയുടെ ക്ഷണം നിരസിക്കപ്പെട്ടു. അലി സബ്രി, ജി എൽ പീരിസ്‌, ദിനേശ് ഗുണവർധന, ജോൺസ്റ്റൺ ഫെർണാണ്ടോ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.

ഏപ്രിൽ 5
സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടമായി. അധികാരമേറ്റ്‌ ഒരു ദിവസത്തിനകം ധനമന്ത്രി അലി സബ്രി രാജിവച്ചു.
അടിയന്തരാവസ്ഥ പിൻവലിച്ചു.


 

ഏപ്രിൽ 9
ഏറ്റവും വലിയ പ്രക്ഷോഭത്തിന്‌ രാജ്യം സാക്ഷിയായി. പതിനായിരങ്ങൾ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്‌ തെരുവിൽ.

ഏപ്രിൽ 10
അവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി. 

ഏപ്രിൽ 18
സഹോദരൻ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി നിലനിർത്തിക്കൊണ്ട് പ്രസിഡന്റ് ഒരു പുതിയ സർക്കാരിനെ പ്രഖ്യാപിച്ചു. മറ്റ് രണ്ട് സഹോദരന്മാരെയും ഒരു മരുമകനെയും പുറത്താക്കി.

ഏപ്രിൽ 19
പ്രതിഷേധക്കാരനെ പൊലീസ്‌ വെടിവച്ചുകൊന്നു.

ഏപ്രിൽ 28
രാജ്യം പൊതുപണിമുടക്കിൽ നിശ്ചലം.

മെയ്‌ 6
പ്രതിഷേധത്തെ നേരിടാൻ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെയ്‌ 9
പ്രക്ഷോഭകർക്കുനേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. തുടർന്ന്‌ തെരുവുകളിൽ വലിയ സംഘർഷം അരങ്ങേറി. എംപി അമരകീർത്തി അതുകൊരാള വെടിയേറ്റു മരിച്ചു. രണ്ട്‌ മുൻമന്ത്രിമാരുടെ വസതി ആക്രമിച്ചു. മഹിന്ദ  പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.

മെയ്‌ 12
പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെയെ നിയമിച്ചു.

ജൂൺ 9
മുൻ ധനമന്ത്രി ബേസിൽ രജപക്‌സെ എംപി സ്ഥാനവും രാജിവച്ചു.

ജൂലൈ 9
പ്രസിഡന്റ്‌ ഉടൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പതിനായിരങ്ങളുടെ നേതൃത്വത്തിൽ ഔദ്യോഗിക വസതി പിടിച്ചെടുത്തു.

പ്രസിഡന്റ് രാജിവച്ചാല്‍
കാലാവധി അവസാനിക്കുന്നതിനുമുമ്പ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍, പാര്‍ലമെന്റ് അം​ഗങ്ങളില്‍നിന്ന് ഒരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കാം. ശേഷിക്കുന്ന കാലയളവിൽ അധികാരത്തിൽ തുടരാം. പ്രസിഡന്റിന്റെ രാജിക്ക് ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടപടി ആരംഭിക്കണം.പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഒരു മാസത്തേക്ക് പ്രധാനമന്ത്രിയ്ക്ക് ആക്ടിങ് പ്രസിഡന്റാകാം. വേണമെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്ത്രിസഭയില്‍നിന്ന് ഒരാളെ നിയമിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top