09 August Sunday

സ്‌കൂൾ തുറന്നില്ലെങ്കിൽ ഫണ്ടില്ല ; ട്രംപിന്റെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ കോവിഡ്‌ വ്യാപനവും മരണവും അയവില്ലാതെ തുടരുമ്പോഴും മഹാമാരി മൂലം അടച്ചിട്ടിരിക്കുന്ന സ്‌കൂളുകൾ ശരത്‌കാലത്തോടെ തുറക്കണമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. അല്ലാത്തപക്ഷം സ്‌കൂളുകൾക്ക്‌ ധനസഹായം നൽകില്ല‌. ഭീഷണിക്കെതിരെ നിരവധി സംസ്ഥാനങ്ങൾ രംഗത്തുവന്നു. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്ന്‌ പല ഗവർണർമാരും ചൂണ്ടിക്കാട്ടി.

സെപ്‌തംബർ–-നവംബറാണ്‌ അമേരിക്കയിൽ ശരത്‌കാലം. നവംബർ മൂന്നിന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുമുമ്പ്‌ സ്‌കൂൾ തുറന്ന്‌ അമേരിക്ക സാധാരണനിലയിലായെന്ന്‌ തോന്നിപ്പിക്കാനാണ്‌ ശ്രമം. സ്‌കൂളുകൾ തുറന്ന ജർമനി, ഡെൻമാർക്‌, നോർവെ എന്നിവിടങ്ങളിൽ ഒരു കുഴപ്പവും ഇല്ലെന്നാണ്‌ ട്രംപിന്റെ വാദം. ഈ രാജ്യങ്ങളിൽ ബുധനാഴ്‌ചവരെ ആകെ മരണസംഖ്യ യഥാക്രമം 9115, 609, 251 എന്നിങ്ങനെയാണ്‌. അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 32 ലക്ഷം കടന്നു. മരണസംഖ്യ  1.35 ലക്ഷത്തിലധികമായി. ബുധനാഴ്‌ചമാത്രം 61848 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 890 പേർ മരിച്ചു.

സ്‌കൂളുകൾ തുറക്കുന്നതിന്‌ ദേശീയ രോഗനിയന്ത്രണ കേന്ദ്രം(സിഡിസി) നൽകിയ മാർഗനിർദേശങ്ങളെയും ട്രംപ്‌ എതിർത്തു. നിർദേശങ്ങൾ അപ്രായോഗികവും ചെലവേറിയതുമാണ്‌ എന്നാണ്‌ ട്രംപിന്റെ വിമർശം. ഡിസി അടുത്തയാഴ്‌ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌ പറഞ്ഞു.

സ്‌കൂളുകൾ ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസംമാത്രം തുറക്കാനും മറ്റ്‌ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകളിൽ ഒതുക്കാനുമാണ്‌ പല സംസ്ഥാനങ്ങളും ആലോചിക്കുന്നത്‌. എന്നാൽ, പൂർണ തോതിൽ ക്ലാസ്‌ തുറക്കാത്തത്‌ വിദ്യാർഥികൾക്കും നികുതിദായകർക്കും പരാജയമായിരിക്കുമെന്ന്‌ സംസ്ഥാന ഗവർണർമാരോട്‌ നടത്തിയ ഫോൺ ചർച്ചയിൽ അമേരിക്കൻ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡി വോസ്‌ പറഞ്ഞു. ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നത്‌ മനസ്സിലാക്കാൻ ട്രംപിന്‌ കഴിയുന്നില്ലെന്ന്‌ നാഷണൽ എജ്യൂക്കേഷണൽ അസോസിയേഷൻ പ്രസിഡന്റ്‌ ലിലി എസ്‌കെൽസൺ ഗാർഷ്യ കുറ്റപ്പെടുത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top