19 August Monday

ആണവകരാർ: ഇറാൻ ഭാഗികമായി പിന്മാറി

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019

ടെഹ‌്റാൻ> വൻശക്തികളുമായുള്ള 2015ലെ ആണവകരാറിൽനിന്ന‌് ഇറാൻ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ പ്രസിഡന്റ‌് ഹസന്‍ റൂഹാനി പറഞ്ഞു. 2015ൽ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് ട്രംപ് കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഈ പിന്മാറ്റത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണ‌് റുഹാനിയുടെ പ്രഖ്യാപനം.

ആണവ നിരായുധീകരണ നടപടികളിൽ സഹകരിക്കുന്നതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക, വാണിജ്യ ഉപരോധത്തിൽ ഇളവുവരുത്തുമെന്ന കരാറുമുണ്ടായിരുന്നു. എന്നാല്‍, കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ ഉപരോധത്തിൽനിന്ന് ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് കഴിയുന്നില്ല. ഈ നിലയില്‍ കരാര്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റൂഹാനിയുടെ പിന്മാറ്റപ്രഖ്യാപനം. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൺ, ഫ്രാൻസ‌്, ജർമനി എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു ഇറാന്റെ  ആണവകരാർ. റൂഹാനിയുടെ പ്രഖ്യാപനത്തിന‌് പിന്നാലെ, ഒരു കാരണവശാലും ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

ആണവകരാറിൽനിന്ന‌് ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്റെ തീരുമാനത്തിന‌് പിന്നാലെ കടുത്ത ഉപരോധവുമായി അമേരിക്ക. വിദേശനാണയങ്ങളിൽ ഇറാന്റെ സാമ്പത്തികസ്രോതസ്സായ ഉരുക്ക്‌, അലുമിനിയം, ചെമ്പ‌്‌‌, ഇരുമ്പ്‌ മേഖലകളിലാണ‌് അമേരിക്കയുടെ ഉപരോധം. ഇറാന്റെ മനോഭാവം മാറ്റിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് പറഞ്ഞു. എണ്ണമേഖല കഴിഞ്ഞാൽ ഇറാന്റെ ഏറ്റവും വലിയ കയറ്റുമതി വരുമാനമാണ‌് ലോഹമേഖലയെന്നും അതിന്മേലുള്ള ഉപരോധം ഭീകരവാദപ്രവർത്തനങ്ങൾക്ക‌് തുക കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണെന്നും ട്രംപ‌് പ്രസ‌്താവനയിൽ പറഞ്ഞു. 60 ദിവസത്തിനിടയിൽ ഇറാന്റെ ഭാഗത്തുനിന്ന‌് പ്രകോപനപരമായുള്ള നീക്കങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന‌് ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ജെറമി ഹന്റ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top