19 November Tuesday

ക്യൂബയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം: അമേരിക്കയ്‌ക്കെതിരെ യുഎന്നിൽ 187 വോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ഐക്യരാഷ്‌ട്രകേന്ദ്രം >  അമേരിക്ക ക്യൂബയ്‌ക്കെതിരെ അടിച്ചേൽപ്പിച്ചിട്ടുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന വൻ ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടു. 193 രാഷ്‌ട്രം അംഗമായ ലോകവേദി ഇതുസംബന്ധിച്ച പ്രമേയം മൂന്നിനെതിരെ 187 വോട്ടിന്‌ അംഗീകരിച്ചു. തുടർച്ചയായി 28–-ാം വർഷമാണ്‌ യുഎൻ പൊതുസഭ ഇക്കാര്യത്തിൽ അമേരിക്കയ്‌ക്കെതിരെ പ്രമേയം പാസാക്കുന്നത്‌.

അമേരിക്കയ്‌ക്കൊപ്പം ഇസ്രയേലും ബ്രസീലും മാത്രമാണ്‌ പ്രമേയത്തെ എതിർത്തത്‌. കൊളംബിയയും ഉക്രെയ്‌നും വിട്ടുനിന്നു. മോൾഡോവ ഇത്തവണയും വോട്ട്‌ ചെയ്‌തില്ല. പ്രമേയത്തെ എതിർക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യുന്നതിന്‌ അമേരിക്ക ചെറിയ രാജ്യങ്ങൾക്കുമേൽ വലിയ സമ്മർദം ചെലുത്താറുണ്ട്‌. എന്നിട്ടും ഒരു രാജ്യവും വഴങ്ങിയില്ലെന്നത്‌ ട്രംപിന്‌ കനത്ത പ്രഹരമാണ്‌.

1960ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം 62ൽ ശക്തമാക്കി. ക്യൂബയുമായി മറ്റു രാജ്യങ്ങൾ ഇടപാട്‌ നടത്തുന്നതുപോലും തടയുന്ന ഉപരോധത്തിനെതിരെ വളരുന്ന ലോകവികാരമാണ്‌ യുഎൻ പൊതുസഭയിലെ വോട്ടിങ്ങിൽ പ്രതിഫലിക്കുന്നത്‌. എന്നാൽ, രക്ഷാസമിതി തീരുമാനങ്ങൾ പോലെ പൊതുസഭാ തീരുമാനങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമല്ലാത്തതിനാൽ ഉപരോധം തുടരുകയാണ്‌.

2016ൽ ബറാക്‌ ഒബാമ പ്രസിഡന്റായിരിക്കെ ക്യൂബയുമായി ബന്ധം മെച്ചപ്പെടുത്തുകയും ആ വർഷം യുഎൻ വോട്ടിങ്ങിൽനിന്ന്‌ അമേരിക്ക തന്നെ വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ട്രംപ്‌ അധികാരമേറ്റശേഷം ഉപരോധം തീവ്രമാക്കുകയും യുഎന്നിൽ വീണ്ടും പ്രമേയത്തെ എതിർക്കാൻ തുടങ്ങുകയും ചെയ്‌തു.
മനുഷ്യാവകാശത്തിന്റെ പേരിലാണ്‌ അമേരിക്ക ഉപരോധം തുടരുന്നത്‌. എന്നാൽ, മനുഷ്യാവകാശത്തിന്റെ പേരിൽ ഒരു രാജ്യത്തെയും വിമർശിക്കാൻ അമേരിക്കയ്‌ക്ക്‌ ധാർമികമായി അവകാശമില്ലെന്ന്‌ ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ്‌ പറഞ്ഞു. കപ്പലുകൾക്കും ഷിപ്പിങ് കമ്പനികൾക്കും ഇൻഷുറൻസ്‌ കമ്പനികൾക്കുമെതിരെ ഭീഷണിയുയർത്തി ക്യൂബയിലേക്ക്‌ കപ്പലുകൾ വരുന്നത്‌ തടയാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്‌.

ക്യൂബയ്‌ക്ക്‌ പിന്തുണ അറിയിച്ച ഇന്ത്യൻ പ്രതിനിധി കെ നാഗരാജ്‌, യുഎൻ അംഗീകരിച്ച 2030 വികസന അജൻഡ നടപ്പാക്കാനുള്ള ക്യൂബയുടെ ശേഷിയെ കാര്യമായി ബാധിക്കുന്നതാണ്‌ ഉപരോധമെന്ന്‌ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഒരു രാജ്യവും വിട്ടുനിന്നിരുന്നില്ല. പ്രമേയത്തിന്‌ അനുകൂലമായി 189 വോട്ട്‌ ലഭിച്ചിരുന്നു. ഇത്തവണ വിട്ടുനിന്ന ഉക്രെയ്‌ൻ ട്രംപ്‌ ഭരണകൂടത്തിന്റെ ഭീഷണിക്ക്‌ വഴങ്ങുന്നതാണെന്ന്‌ തെളിയിക്കുന്നതാണ്‌ അമേരിക്കയിൽ ട്രംപിനെതിരെ നടന്നുവരുന്ന ഇംപീച്ച്‌മെന്റ്‌ നടപടി.


പ്രധാന വാർത്തകൾ
 Top