03 August Monday

ആഗോള ആയുധ വ്യാപാര ഉടമ്പടിയിൽ ചൈനയും

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരമുള്ള ആഗോള ആയുധ വ്യാപാര ഉടമ്പടിയിൽ ചൈനയും അംഗമായി. പ്രതിവർഷം 7000 കോടി ഡോളർ വരുന്ന സാധാരണ ആയുധങ്ങളുടെ ആഗോള ഇടപാട്‌ നിയന്ത്രിക്കുന്നതിനും ആയുധങ്ങൾ മനുഷ്യാവകാശ ലംഘകരുടെ കൈയിലെത്തുന്നത്‌ തടയുന്നതിനുമുള്ളതാണ്‌ കരാർ.

2013ൽ യുഎൻ പൊതുസഭ അംഗീകരിച്ച ഉടമ്പടിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഒപ്പിട്ടിരുന്നെങ്കിലും ആയുധ ലോബിയുടെ എതിർപ്പ്‌ മൂലം സെനറ്റ്‌ അംഗീകരിച്ചില്ല. ഉടമ്പടിയിൽനിന്ന്‌ പിൻവാങ്ങിയതായി കഴിഞ്ഞവർഷം ട്രംപ്‌ ഭരണകൂടം യുഎന്നിനെ അറിയിച്ചു.  ഉടമ്പടിയിലെ 107–-ാമത്തെ അംഗമായാണ്‌ ചൈന ചേർന്നത്‌. തുടർന്ന്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ യുഎന്നിലെ ചൈനീസ്‌ സ്ഥാനപതി ഷാങ്‌ ജുൻ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളെയും വിരട്ടലുകളെയും വിമർശിച്ചു. ഒരു രാജ്യം അന്താരാഷ്‌ട്ര ഉറപ്പുകളിൽനിന്ന്‌ പിൻവാങ്ങുകയും ഏകപക്ഷീയമായ നടപടികളും വിരട്ടലുകളും ആരംഭിച്ചിരിക്കുകയുമാണ്‌. ഇത്‌  ആഗോള വെല്ലുവിളികളെ നേരിടുന്നതിന്‌ എല്ലാ രാജ്യങ്ങളും കൂട്ടായി നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുകയാണ്‌–- പ്രസ്‌താവനയിൽ പറഞ്ഞു.

റഷ്യയും അമേരിക്കയും തമ്മിലുള്ള അണുവായുധ ചർച്ചകളിൽ ചൈന കൂടി പങ്കെടുക്കാനുള്ള അമേരിക്കയുടെ ക്ഷണം, പുതിയ കരാർ ഒപ്പിടുന്നതിൽനിന്ന്‌ ഒഴിവാകാൻ പഴുതിന്‌ വേണ്ടിയുള്ള തട്ടിപ്പാണെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയത്തിലെ ആയുധ നിയന്ത്രണ വകുപ്പ്‌ ഡയറക്ടർ ജനറൽ ഫു കോങ്‌ പറഞ്ഞു.
അണുവായുധങ്ങളുടെ കാര്യത്തിൽ മൂന്നു രാജ്യങ്ങൾക്കുമിടയിൽ തുല്യതയാവാമെന്ന്‌ അമേരിക്ക അംഗീകരിച്ചാൽ പിറ്റേന്ന്‌ ചർച്ചയിൽ പങ്കെടുക്കാൻ ചൈനയ്‌ക്ക്‌ സന്തോഷമേയുള്ളൂ. പക്ഷേ, അമേരിക്ക ആയുധശേഷി ചൈനയുടെ നിലയിലേക്ക്‌ കുറയ്‌ക്കാൻ തയ്യാറാവില്ല.

അമേരിക്കയ്‌ക്കും റഷ്യ‌ക്കുമുള്ളതിനേക്കാൾ വളരെ കുറച്ച്‌ അണുവായുധങ്ങളെ ചൈനയ്‌ക്കുള്ളൂ. ഈ രണ്ട്‌ രാജ്യങ്ങളും അവയുടെ അണുവായുധശേഷി കുറയ്‌ക്കാൻ തയ്യാറായാൽ ഈ ശ്രമത്തിൽ മറ്റ്‌ രാജ്യങ്ങൾക്കും ചേരാനാവുമെന്ന്‌ ഫു കോങ്‌ പറഞ്ഞു. തന്ത്രപരമായ ആയുധങ്ങൾ കുറയ്‌ക്കുന്നതിന്‌ 2010ൽ റഷ്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ട ‘പുതിയ സ്‌റ്റാർട്‌’ ഉടമ്പടിയുടെ കാലാവധി ഫെബ്രുവരിയിൽ തീരുന്നതിനാൽ അത്‌ പുതുക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ ചർച്ച ആരംഭിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top