19 September Saturday

60 ലക്ഷം നേഴ്‌സുമാർ ‌കുറവ്‌: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


ജനീവ
കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടും 60 ലക്ഷത്തോളം നേഴ്‌സുമാർ അധികം വേണ്ടിവരുമെന്ന്‌ ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന, നേഴ്‌സിങ്‌ നൗ, നേഴ്‌സുമാരുടെ അന്താരാഷ്‌ട്ര സമിതി എന്നിവർ ചേർന്ന്‌ തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ പരാമർശം. ഏത്‌ ആരോഗ്യവ്യവസ്ഥയുടെയും നട്ടെല്ല്‌ നേഴ്‌സുമാരാണെന്ന്‌ ഡബ്ല്യൂഎച്ച്‌ഒ തലവൻ തെഡ്രോസ്‌ അധാനം പ്രസ്‌താവനയിൽ പറഞ്ഞു.

നിലവിൽ കേവലം 2.8 കോടി നേഴ്‌സുമാർ മാത്രമാണ്‌ ലോകത്താകമാനമുള്ളത്‌. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ്‌ നേഴ്‌സുമാർ ഏറ്റവും കുറവ്‌. അതിനാൽ തന്നെ, നേഴ്‌സിങ്‌ ജോലി തെരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരിൽ, പകുതിയോളം നേഴ്‌സുമാരാണ്‌. അതിൽ തന്നെ എൺപതു ശതമാനം ലോകജനസംഖ്യയുടെ പകുതി പേരേ ചികിത്സിക്കാൻ മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അവശേഷിക്കുന്ന 20 ശതമാനമാണ്‌ ബാക്കി പകുതി ലോകജനതക്കുള്ളത്‌. നേഴ്‌സുമാരെ സൃഷ്‌ടിക്കാത്ത സമ്പന്നരാജ്യങ്ങൾ കുടിയേറ്റക്കാരെ ആശ്രയിക്കുന്നതിനാൽ ദരിദ്രരാജ്യങ്ങളിൽ വേണ്ടത്ര നേഴ്‌സുമാരില്ലെന്ന്‌ നേഴ്‌സിങ്ങ്‌ നൗവിന്റെ മേരി വാറ്റ്‌കിൻസ്‌ പറഞ്ഞു.
ഇതുവരെ ലോകത്താകമാനം 100ലധികം ആരോഗ്യപ്രവർത്തകർ കോവിഡിനിരയായി. ഇറ്റലിയിൽ രോഗികളിൽ 9 ശതമാനവും സ്‌പെയിനിൽ 12ശതമാനവും ആരോഗ്യപ്രവർത്തകരാണ്‌. കൃത്യമായ നിർദേശങ്ങളില്ലാത്തതും സുരക്ഷാസാമഗ്രികളില്ലാത്തതുമാണ്‌ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം ബാധിക്കാനിടവരുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top