22 May Wednesday

വിദേശപ്രതിഭകള്‍ക്ക് താമസത്തിന് സൗദിയില്‍ ഗോള്‍ഡന്‍ കാര്‍ഡ്

അനസ് യാസിൻUpdated: Monday Apr 8, 2019



മനാമ
 വിദേശപ്രതിഭകൾക്ക് ദീർഘകാല താമസത്തിന‌് ഗോൾഡൻ കാർഡ് അനുവദിക്കാൻ സൗദി തീരുമാനം. ഇതിനാവശ്യമായ നടപടികൾക്ക് തൊഴിൽ, സാമൂഹ്യ വികസനമന്ത്രാലയം തുടക്കമിട്ടു.

പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനുള്ള കരാർ അനുവദിക്കുന്നതിന് കൺസൾട്ടൻസി കമ്പനികളിൽനിന്ന് മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചു.
ഏതെല്ലാം വിഭാഗങ്ങളിൽപെട്ടവർക്കാണ് പദ്ധതിയുടെ പ്രയോജനം നൽകേണ്ടത്, എന്തൊക്കെ പ്രോത്സാഹനങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങൾ കൺസൾട്ടൻസി വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം.

സാമ്പത്തിക, വികസന സമിതി കഴിഞ്ഞവർഷം പ്രഖ്യാപിച്ച ജീവിത ഗുണനിലവാര പ്രോഗ്രാം 2020 പദ്ധതിയുടെ ഭാഗമായാണ് ഗോൾഡൻ കാർഡ് ആരംഭിക്കുന്നത്.
ആഗോളതലത്തിൽ പ്രശസ്തരായ പ്രതിഭകളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധരെയും സൗദിയിലേക്ക് ആകർഷിക്കാനും സൗദി സംസ്‌കാരത്തിൽ വിദേശികളെ ലയിപ്പിക്കാനും മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് സ്വദേശികൾക്ക് അറിവ‌് നൽകാനും ഗോൾഡൻ കാർഡ് പദ്ധതി ലക്ഷ്യമിടുന്നു.  32 മാസമായിരിക്കും കാർഡ് കാലാവധി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top