08 August Saturday

സംഘർഷം അയവുവരുത്താൻ ഫലപ്രദമായ നടപടികൾ: ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ബീജിങ്‌
ഗൽവാൻ താഴ്‌വരയിലും യഥാർഥ നിയന്ത്രണ രേഖയിലും സംഘർഷത്തിൽ അയവുവരുത്താൻ  അതിർത്തിയിൽ മുന്നണിയിലുള്ള സൈനികർ ഫലപ്രദമായ നടപടികൾ എടുക്കുന്നതായും പിൻവാങ്ങലിൽ പുരോഗതി കൈവരിക്കുന്നതായും ചൈന. ഇന്ത്യൻ ഭാഗവും മൂർത്തമായ നടപടികളിലൂടെ സമവായം നടപ്പാക്കുമെന്നും അതിർത്തിയിലെ സ്ഥിതിയിൽ ഒന്നിച്ച്‌ അയവുവരുത്താൻ സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം തുടരുമെന്നും ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജ്യാൻ പറഞ്ഞു. ചൈനീസ്‌ പട്ടാളക്കാർ ഗൽവാനിലെ ചില കൂടാരങ്ങൾ നീക്കുകയും പിൻവാങ്ങുകയും ചെയ്യുന്നത്‌ കാണാമെന്ന്‌ ഇന്ത്യൻ കേന്ദ്രങ്ങൾ അറിയിച്ചത്‌ സംബന്ധിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതിർത്തിയിലെ സ്ഥിതിയിൽ അയവുവരുത്താൻ ഞായറാഴ്‌ച ചൈനയുടെ വിദേശമന്ത്രി വാങ്‌ യീയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലും ഗുണകരമായ പൊതുധാരണയിൽ എത്തിയതായി ചൈനീസ്‌ വിദേശമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.  സൈനികരുടെ പിന്മാറ്റം കഴിയുന്നത്ര വേഗം പൂർത്തിയാക്കാൻ സേനാ കമാൻഡർമാർ  കഴിഞ്ഞദിവസമുണ്ടാക്കിയ സമവായം നടപ്പാക്കുന്നതും ചർച്ച ചെയ്‌തു. ആഴത്തിലുള്ള തുറന്ന ചർച്ചയാണ്‌ നടന്നതെന്ന്‌ ചൈന അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top