30 May Saturday

അമേരിക്ക നാടുകടത്തിയ 138 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

സാൻ സാൽവദോർ >  അമേരിക്ക അഭയം നൽകാതെ നാടുകടത്തിയ 138 കുടിയേറ്റക്കാരെങ്കിലും എൽസാൽവദോറിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ റിപ്പോർട്ട്‌. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ച്‌ എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട ‘ഡീപോർട്ടഡ്‌ ടു ഡേഞ്ചർ’ എന്ന റിപ്പോർട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. ട്രംപ്‌ ഭരണകൂടം കുടിയേറ്റനയം കർക്കശമാക്കിയതുമൂലം കുടിയേറ്റക്കാർ നേരിടുന്ന അപകടങ്ങൾ മൂർച്ഛിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

2013നുശേഷമുള്ള കണക്കാണ്‌ റിപ്പോർട്ടിലുള്ളത്‌. ഔദ്യോഗിക കണക്കുകളില്ലാത്തതിനാൽ യഥാർഥ മരണസംഖ്യ ഇതിലും വളരെയധികമായിരിക്കും എന്നാണ്‌ കണക്കാക്കുന്നത്‌. അമേരിക്കയിൽനിന്ന്‌ തിരിച്ചയക്കപ്പെട്ട എഴുപതിൽപ്പരം സാൽവദോറുകാർ ലൈംഗികാതിക്രമം, പീഡനം, മറ്റ്‌ ആക്രമണങ്ങൾ എന്നിവ നേരിടുകയോ കാണാതാകുകയോ ചെയ്‌തിട്ടുണ്ട്‌. സാൽവദോറൻ അക്രമി സംഘങ്ങളും സർക്കാരുമാണ്‌ ഇതിനുത്തരവാദികൾ. നാടുകടത്തപ്പെടുന്നവർ അപകടത്തിലാകാമെന്ന് അറിയാവുന്നതോ അറിയേണ്ടതോ ആയ അമേരിക്കൻ അധികൃതരും കുറ്റക്കാരാണ്‌.

ബാരിയോ 18 എന്ന ബഹുരാഷ്‌ട്ര സംഘത്തിന്റെ വധഭീഷണിയിൽനിന്ന്‌ രക്ഷപ്പെടാൻ 2017 ആഗസ്‌തിൽ അമേരിക്കയിൽ അഭയംതേടിയ ട്രാൻസ്‌ജെൻഡർ കാമില ഡയസ്‌ കോർഡോവ(29)യുടെ അനുഭവം റിപ്പോർട്ടിൽ എടുത്തുപറയുന്നു. 2017ൽ തിരിച്ചയക്കപ്പെട്ട അവർ ലൈംഗിക തൊഴിലിലേക്ക്‌ മടങ്ങി. എന്നാൽ, പൊലീസ്‌ ഇവരെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നതായി ഒരു സുഹൃത്ത്‌ പറഞ്ഞു.

രണ്ട്‌ പതിറ്റാണ്ടോളം കാലിഫോർണിയയിൽ ജോലി ചെയ്‌ത നാൽപ്പത്തൊന്നുകാരനാണ്‌ നാടുകടത്തപ്പെട്ട മറ്റൊരാൾ. മരണഭീതിയോടെയാണ്‌ ഇപ്പോൾ ഇയാൾ കഴിയുന്നത്‌. ഒരിക്കൽ വധശ്രമം അതിജീവിച്ച അയാൾ ഇപ്പോൾ അക്രമിസംഘത്തിന്‌ പണം നൽകിയാണ്‌ അവരുടെ പ്രദേശത്തുകൂടി വാഹനം ഓടിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top