14 July Tuesday

കോവിഡ്‌: രണ്ട്‌ പഠനം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


ബോസ്റ്റൺ
കോവിഡ്‌ സംബന്ധിച്ച്‌ ഇന്ത്യൻ ഗവേഷകരടക്കം പങ്കാളികളായ രണ്ട്‌ പഠനം ആധികാരിക ശാസ്‌ത്ര ജേണലുകളായ ലാൻസെറ്റും ന്യൂ ഇംഗ്ലണ്ട്‌ ജേണൽ ഓഫ്‌ മെഡിസിനും (എൻഇജെഎം) പിൻവലിച്ചു. ഈ പഠനങ്ങൾക്കായി സ്വകാര്യ കമ്പനിയിൽനിന്നു ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കാതെ വന്നതിനാലാണ്‌ പിൻവലിച്ചത്‌. സംഘത്തിലെ അംഗങ്ങൾക്ക്‌ അവരുടെ ഗവേഷണത്തിന്‌ ആധാരമായ വിവരങ്ങൾ പരിശോധിക്കാൻ അനുമതി ലഭിച്ചില്ലെന്ന്‌ ശാസ്‌ത്രജ്ഞർ വ്യക്തമാക്കി.

അമേരിക്കയിലെ ഇലിനോയ്‌ കേന്ദ്രമായുള്ള സർജിസ്‌ഫീയർ കോർപറേഷനിൽനിന്നുള്ള വിവരങ്ങളാണ്‌ രണ്ട്‌ പഠനത്തിനും ആധാരമാക്കിയത്‌. ഈ സ്ഥാപനത്തിന്റെ ചെയർമാൻ സപൻ ദേശായ്‌, ഹാർവാഡ്‌ മെഡിക്കൽ സ്‌കൂളിൽനിന്നുള്ള മൻദീപ്‌ മെഹ്‌റ എന്നിവർ രണ്ട്‌ പഠനത്തിന്റെയും രചയിതാക്കളിൽ ഉൾപ്പെടുന്നു.

മലമ്പനി മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനും അതുമായി അടുത്ത ബന്ധമുള്ള ക്ലോറോക്വിനും കോവിഡിന്‌ ഉപയോഗിക്കുന്നത്‌ ഹൃദയമിടിപ്പിന്റെ താളംതെറ്റിക്കുന്നതിനും മരണസാധ്യത ഗണ്യമായി കൂടുന്നതിനും ഇടയാക്കുമെന്നായിരുന്നു മെയ്‌ 22ന്‌ ലാൻസെറ്റ്‌ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞത്‌. ആറ്‌ ഭൂഖണ്ഡത്തിൽനിന്ന്‌ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 96,000 കോവിഡ്‌ രോഗികളുടെ വിവരങ്ങളാണ്‌ പഠനത്തിന്‌ ആധാരമാക്കിയത്‌. ആശുപത്രിയിലുള്ള കോവിഡ്‌ രോഗികൾക്ക്‌ ഹൃദയസംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കിൽ മരണസാധ്യത കൂടുതലായിരിക്കുമെന്നാണ്‌ മെയ്‌ ഒന്നിന്‌ എൻഇജെഎം പഠനത്തിൽ പറഞ്ഞത്‌.

രണ്ട്‌ പഠനത്തിനും ഉപയോഗിച്ച വിവരങ്ങളുടെ നിലവാരത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു കാണിച്ച്‌ നൂറിൽപ്പരം ശാസ്‌ത്രജ്ഞർ മെയ്‌ 31ന്‌ ജേണലുകൾക്ക്‌ തുറന്ന കത്തെഴുതിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top