ഇസ്ലാമാബാദ്
പൊതുതെരഞ്ഞെടുപ്പ് നടത്താൻ സജ്ജമാണെന്ന് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമീഷൻ (ഇസിപി). മൂന്നു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കമീഷൻ പറഞ്ഞതായി പുറത്തുവന്ന വാർത്ത ശരിയല്ലെന്ന് ഇസിപി വക്താവ് അറിയിച്ചു. ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി കമീഷൻ ഉത്തരവാദിത്വം നിറവേറ്റും. യോഗം ചേർന്ന് പൊതുതെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ തയ്യാറെടുപ്പ് പരിശോധിക്കുമെന്നും വക്താവ് പറഞ്ഞു. 2023വരെ കാലാവധിയുള്ള ദേശീയ അസംബ്ലിയാണ് ഞായറാഴ്ച പിരിച്ചുവിട്ടത്.
സീറ്റ് വർധിപ്പിച്ച ഖൈബർ പക്തുൻഖ്വ പ്രവിശ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മണ്ഡല പുനർനിർണയം, ജില്ല, മണ്ഡലം തിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ തുടങ്ങിയവയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യേണ്ടിവരുന്നത് വെല്ലുവിളിയായേക്കുമെന്ന് കമീഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ രാഷ്ട്രീയ, ഭരണഘടനാ പ്രതിസന്ധികൾക്കിടയിൽ നേരത്തേ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസിയായ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ നെറ്റ്വർ (ഫഫെൻ) ക്കും ആശങ്ക അറിയിച്ചിട്ടുണ്ട്. നിലവിൽ പഞ്ചാബിൽനിന്നും ഖൈബർ പക്തുൻഖ്വയിൽനിന്നും തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിച്ചിട്ടിെല്ലെന്നും ഫഫെൻ പറഞ്ഞു.
വിദേശ
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന്
പാക് സൈന്യം
പാകിസ്ഥാനിൽ ഭരണമാറ്റത്തിന് വിദേശ ഗൂഢാലോചന നടന്നെന്ന ഇമ്രാൻ ഖാന്റെ വാദം നിഷേധിച്ച് പാക് സൈന്യം. അമേരിക്കയാണ് ഇത് ആസൂത്രണം ചെയ്തതെന്നായിരുന്നു ഇമ്രാൻ പറഞ്ഞത്. എന്നാൽ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റാരും ഇടപെട്ടതിന് തെളിവില്ലെന്ന് പാക് സൈന്യം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലിയിൽ നടന്നതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് സൈന്യം നേരത്തേ പറഞ്ഞിരുന്നു.
സഭാരേഖ കോടതി പരിശോധിക്കും
പാകിസ്ഥാനിൽ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി യോഗത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് പാക് സുപ്രീംകോടതി. വാദം ബുധനാഴ്ച തുടരും. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും തുടർന്ന് പ്രസിഡന്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ടതും നിയമാനുസൃതമാണോയെന്ന് പരിശോധിക്കുകയാണ് കോടതിയുടെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അത ബന്ദിയാൽ പറഞ്ഞു. ഇക്കാര്യത്തിൽ ഊന്നൽ നൽകാൻ പ്രതിപക്ഷത്തോട് കോടതി നിര്ദേശിച്ചു.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർടിയുടെ സഭാംഗം റാസ റബ്ബാനി പറഞ്ഞു. ഭരണഘടനയുടെ 95–-ാം അനുഛേദം അനുസരിച്ച് വോട്ടിനിടാതെ അവിശ്വാസ പ്രമേയം തള്ളാനാകില്ല. വിദേശ ഗൂഢാലോചന എന്ന കഥ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പ്രമേയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് പാകിസ്ഥാൻ മുസ്ലിംലീഗ് അഭിഭാഷകൻ മഖ്ദൂം അലി ഖാൻ പറഞ്ഞു. 152 അംഗങ്ങൾ ഒപ്പുവച്ചാണ് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം സമർപ്പിച്ചത്. പ്രമേയം മേശപ്പുറത്തുവയ്ക്കുന്നതിനെ അനുകൂലിച്ച് 161 പേർ വോട്ട് ചെയ്തു. മാർച്ച് 31ന് ചേർന്ന അസംബ്ലിയിൽ ചർച്ചയും ഞായറാഴ്ച വോട്ടെടുപ്പും നടക്കണമായിരുന്നു. എന്നാൽ, ഇത് അനുവദിച്ചില്ലെന്നും മഖ്ദൂം അലി ഖാൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉത്തരവ് ഉടൻ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമായിരിക്കും ഉത്തരവെന്ന് സുപ്രീംകോടതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..