19 January Tuesday
റിപബ്ലിക്കൻ റാലികളിൽ നിന്ന്‌ 30,000 പേർക്ക്‌ കോവിഡ്‌ ബാധിച്ചു

കോവിഡ്‌ : ട്രംപിന്റെ റാലികൾ 700 പേരെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020

ഓസ്‌റ്റിൻ
കോവിഡ്‌ വ്യാപിച്ചപ്പോഴും മാസ്ക്‌ വിരുദ്ധത പ്രചരിപ്പിച്ച ഡോണൾഡ്‌ ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ റാലികളിൽ പങ്കെടുത്ത 30,000ൽപ്പരം ആളുകൾക്ക്‌ രോഗം ബാധിച്ചു‌. ഇതിൽ 700 പേർ മരിച്ചു. ട്രംപിന്റെ 18 തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലികൾ പഠിച്ച സ്‌റ്റാൻഫഡ്‌ സർവകലാശാലയുടേതാണ്‌ റിപ്പോർട്ട്.

ജൂൺമുതൽ സെപ്‌തംബർവരെ ട്രംപ്‌ നടത്തിയ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തെ ആസ്പദമാക്കിയായിരുന്നു പഠനം. റാലികളിൽ പങ്കെടുത്തവരെ തുടർന്ന്‌ പത്താഴ്ച നിരീക്ഷിച്ചു. പ്രചരണത്തിന്‌ ട്രംപ്‌ എത്തിയ സ്ഥലങ്ങളിൽ രോഗം അസാധാരണമാംവിധം കുതിച്ചുയർന്നതായി കണ്ടെത്തി.

പതിനായിരക്കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചായിരുന്നു പരിപാടികളിൽ പലതും. ട്രംപിനെപ്പോലെതന്നെ‌ അനുയായികളിൽ ഭൂരിഭാഗവും മാസ്ക്‌ ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്തില്ല. പരിപാടികളിൽ നേരിട്ട്‌ പങ്കെടുക്കുകയോ പങ്കെടുത്തവരിൽനിന്ന്‌ രോഗം പിന്നീട്‌ പകരുകയോ ചെയ്തവരാണ്‌ മരിച്ച 700 പേരും. ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ റാലികൾ ‘കോവിഡ്‌ സൂപ്പർസ്പ്രെഡർ’ ആകാനുള്ള സാധ്യത വലുതാണെന്നും പഠനം പറയുന്നു.

വലിയ ആൾക്കൂട്ടങ്ങൾ കോവിഡ്‌ അതിവ്യാപനത്തിന്‌ കാരണമാകുന്ന  സൂപ്പർസ്പ്രെഡർ ആകാമെന്ന്‌ ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. മാസച്യുസെറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിൽനിന്ന്‌ ഉള്ളവരടക്കം ശാസ്ത്രജ്ഞരുടെ നിരീക്ഷണം പിഎൻഎഎസ്‌ ജേണലിലാണ്‌ പ്രസിദ്ധീകരിച്ചത്‌. ഒരാളിൽനിന്ന്‌ ആറിലധികം പേരിലേക്ക്‌ രോഗം പകരുന്നതാണ്‌ അതിവ്യാപനമായി കണക്കാക്കുന്നത്‌. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കിയാൽ കോവിഡിനെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാമെന്നും പഠനം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top