22 August Thursday

ലിബിയയില്‍ വ്യോമാക്രണം: 44 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

ട്രിപോളി > ലിബിയയില്‍ കുടിയേറ്റക്കാരെ തടവിൽ വയ്ക്കുന്ന കേന്ദ്രത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 130ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖാലിഫ ഹിഫ്‌തെര്‍ നയിക്കുന്ന  ലിബിയന്‍ നാഷണല്‍ ആര്‍മി എന്നറിയപ്പെടുന്ന മുന്‍ദേശീയ സൈനികവിഭാഗമാണ് ആക്രമണത്തിനുപിന്നിലെന്ന് യുഎന്‍ പിന്തുണയുള്ള ട്രിപ്പോളിയിലെ താൽക്കാലിക ഭരണകൂടം ആരോപിച്ചു. ട്രിപോളി സ്‌ഫോടനം യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.

സഹാറന്‍ ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്ന‌് ലിബിയ വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച് തടഞ്ഞുവയ്ക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടവരിലേറെയും. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. കുടിയേറ്റത്തിന് ശ്രമിക്കുന്ന ആയിരങ്ങളെയാണ് ലിബിയ തടവിലിട്ടിരിക്കുന്നത്. ലിബിയയിലെ യുഎന്‍ ദൗത്യസംഘത്തലവന്‍ ഘാസാന്‍ സാല്‍മാന്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ട്രിപോളിയിലെ ദുര്‍ബല ഭരണസംവിധാനത്തിനെതിരെ ഏപ്രില്‍ മുതല്‍ എല്‍എന്‍എ ആക്രമണം നടത്തുകയാണ്. രാജ്യത്തിന്റെ കിഴക്കു-തെക്ക് മേഖല ഭൂരിഭാഗവും എല്‍എന്‍എയുടെ കീഴിലാണ്. ട്രിപോളിയിലെ ഭരണസഖ്യം തീവ്രനിലപാടുകാരായ സായുധസംഘത്തിനൊപ്പം ചേര്‍ന്ന് ഘാര്യാന്‍ പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചത് എല്‍എൻഎയ‌്ക്ക് കനത്ത തിരിച്ചടിയായി.

ട്രിപ്പോളിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഘാര്യാന്‍ പട്ടണം വഴിയാണ് എല്‍എന്‍എയുടെ വിതരണശൃംഖല കടന്നുപോകുന്നത്. ഈ മേഖല തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് മേഖലയെ സംഘര്‍ഷഭരിതമാക്കുന്നത്. 2011ല്‍ ഗദ്ദാഫിയുടെ വീഴ്ചയെത്തുടര്‍ന്ന്  ഭരണം പിടിക്കാനായി സായുധ തീവ്രവാദസംഘങ്ങള്‍ ലിബിയയില്‍ പോരാട്ടത്തിലാണ്.


പ്രധാന വാർത്തകൾ
 Top