29 February Saturday

ഇപ്പോൾ ഒരു യുദ്ധം കൊതിക്കുന്നവർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020

വാഷിങ്‌ടൺ >  ഇറാനിയൻ വിപ്ലവസൈന്യത്തിന്റെ വിശിഷ്ട വിഭാഗമായ ഖുദ്‌സ്‌ സേനയുടെ (അറബികൾക്ക്‌ ഖുദ്‌സ്‌ എന്നാൽ ജെറുസലേം) തലവൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതിലൂടെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ രണ്ട്‌ ലക്ഷ്യമാണുള്ളത്‌. ഗുരുതരമായ കുറ്റത്തിന്‌ നേരിടുന്ന ഇംപീച്ച്‌മെന്റിനുശേഷം വരുന്ന തെരഞ്ഞെടുപ്പിനുമുമ്പ്‌ ജനപിന്തുണ ഉയർത്തുകയാണ്‌ ഒന്ന്‌. രാഷ്‌ട്രീയഭാവി അപകടത്തിലായ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ രക്ഷിക്കുകയാണ്‌ രണ്ടാമത്തേത്‌. ട്രംപിന്റെ ഉറ്റമിത്രമായ നെതന്യാഹു ഏഴുമാസത്തിനിടെ രണ്ടുവട്ടം തെരഞ്ഞെടുപ്പ്‌ നേരിട്ടിട്ടും ഭൂരിപക്ഷം ലഭിക്കാതെ  മാർച്ച്‌ രണ്ടിനു വീണ്ടും ജനവിധി നേരിടുകയാണ്‌. കൂടാതെ അഴിമതിക്കേസും നേരിടുന്നു.

അമേരിക്കൻ പ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്‌മെന്റ്‌ പ്രമേയം ഈമാസം സെനറ്റിലെത്തും. റിപ്പബ്ലിക്കന്മാർക്ക്‌ ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാകാൻ മൂന്നിൽരണ്ട്‌ ഭൂരിപക്ഷം കിട്ടില്ലെങ്കിലും നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇത്‌ പ്രധാന വിഷയമാകാം.  ജനപിന്തുണ വളരെ ഇടിഞ്ഞ ഈ സാഹചര്യത്തിൽ  ട്രംപിന്റെ പിടിവള്ളിയാണ്‌ ഇറാനെതിരെ യുദ്ധം.

ഇതിലേക്ക്‌ വെളിച്ചം വീഴ്‌ത്തുന്നതാണ്‌ മുൻഗാമി ബറാക്‌ ഒബാമ രണ്ടാം തവണ തെരഞ്ഞെടുപ്പ്‌ നേരിട്ടപ്പോൾ ട്രംപ്‌ ഉന്നയിച്ച ആരോപണം. വോട്ടിനുവേണ്ടി ഒബാമ ഇറാനെയോ ലിബിയയെയോ ആക്രമിക്കുമെന്നായിരുന്നു 2011ലും 2012ലും പലപ്പോഴായി ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌. ട്രംപിന്റെ ഉത്തരവനുസരിച്ച്‌ യുഎസ്‌ സൈന്യം ഇറാന്റെ ഉന്നതസേനാ നായകനെ വധിച്ചതിനു പിന്നാലെ പഴയ ട്വീറ്റുകൾ വിമർശകർ കുത്തിപ്പൊക്കിയിട്ടുണ്ട്‌.

ഒബാമയുടെ ഭരണകാലത്ത്‌ അമേരിക്കയും മറ്റു വൻശക്തികളും ഇറാനുമായി ഉണ്ടാക്കിയ ആണവകരാറിൽനിന്ന്‌ ഏകപക്ഷീയമായി പിൻവാങ്ങി 2018ൽ തന്നെ ട്രംപ്‌ യുദ്ധകാഹളം മുഴക്കിയിരുന്നു. പിന്നാലെ ഇറാനെതിരെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും തീവ്രമാക്കുകയും ചെയ്‌തു. യൂറോപ്യൻ രാഷ്‌ട്രങ്ങളടക്കം ഇതിനെ വിമർശിച്ചെങ്കിലും ട്രംപിനെ തിരുത്തിക്കാൻ അവർക്കുമായില്ല.
അമേരിക്കൻ പതാക മാത്രം ട്വീറ്റ്‌ ചെയ്‌തായിരുന്നു ആക്രമശേഷം ട്രംപിന്റെ പ്രതികരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top