17 February Sunday

കിമ്മുമായുള്ള കൂടിക്കാഴ‌്ചയിൽ പ്രതീക്ഷയെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jan 3, 2019

വാഷിങ‌്ടൺ > ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ‌്ചയെ പ്രതീക്ഷയോടെയാണ‌് കാണുന്നതെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. ഉത്തരകൊറിയൻ സമ്പദ‌്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ‌് ട്വീറ്റ‌് ചെയ‌്തു. ഉത്തരകൊറിയ ബാലിസ‌്റ്റിക‌് മിസൈൽ പരീക്ഷണത്തിനും ആണവ പരീക്ഷണങ്ങൾക്കും മുതിരില്ലെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും ട്രംപ‌് പറഞ്ഞു. തങ്ങൾക്കെതിരായ ഉപരോധത്തിൽ ഇളവ‌് വരുത്താൻ അമേരിക്ക തയ്യാറായില്ലെങ്കിൽ സിംഗപ്പൂർ ഉച്ചകോടിയിലെ ഉടമ്പടിയിൽനിന്ന‌് പിന്നോട്ട‌് പോകേണ്ടിവരുമെന്ന‌് പുതുവർഷ പ്രസംഗത്തിൽ കിം ജോങ‌് അൻ പറഞ്ഞതിന‌് പിന്നാലെയാണ‌് ട്രംപിന്റെ പ്രതികരണം.

ആണവ പരീക്ഷണങ്ങളിൽനിന്ന‌് പിൻമാറിയാൽ ഉത്തരകൊറിയക്കെതിരായ ഉപരോധം അവസാനിപ്പിക്കുമെന്ന‌് കഴിഞ്ഞവർഷം ജൂണിൽ സിംഗപ്പൂരിൽ നടത്തിയ ഉച്ചകോടിയിൽ അമേരിക്ക ഉറപ്പ‌് നൽകിയിരുന്നു. എന്നാൽ, രാജ്യത്തെ പ്രധാന ആണവപരീക്ഷണ നിലയം തകർത്തതടക്കം നിർണായക ചുവടുവയ‌്പ്പ‌് നടത്തിയിട്ടും ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധങ്ങളടക്കം കടുപ്പിക്കുന്ന നിലപാടാണ‌് അമേരിക്ക സ്വീകരിച്ചത‌്. അമേരിക്കൻ നടപടിക്കെതിരെ നേരത്തെ ചൈനയും റഷ്യയും രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങളുടെ ഇടപെടലും അമേരിക്ക മാനിക്കാതിരുന്നതോടെയാണ‌് വീണ്ടും ആണവപരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന‌് കിം ജോങ‌് അൻ മുന്നറിയിപ്പ‌് നൽകിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top