20 October Tuesday

അഭയാർഥി പ്രവേശനം വീണ്ടും കുറയ്ക്കാൻ ട്രംപ്

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


വാഷിങ്‌ടൺ
അടുത്തവർഷം അമേരിക്കയിലേക്ക്‌ കടക്കുന്ന അഭയാർഥികളുടെ എണ്ണം വീണ്ടും കുറയ്‌ക്കാൻ ട്രംപ്‌‌ ഭരണകൂടം. നിലവിലെ സമയപരിധി തീരാൻ 34 മിനിറ്റ്‌ മാത്രം ശേഷിക്കെ ബുധനാഴ്‌ച രാത്രിയാണ്‌ പുതിയ നിർദേശ‌ം കോൺഗ്രസിനു നൽകിയത്‌‌. പരമാവധി 15,000 പേരെ മാത്രം അടുത്തവർഷം പ്രവേശിപ്പിച്ചാൽ മതിയെന്നാണ്‌ നിർദേശം‌. കഴിഞ്ഞവർഷം ഇത്‌ 18,000 ആയിരുന്നു. ട്രംപിന്റെ നിർദേശം കോൺഗ്രസിന്റെ പരിഗണനയിലാണ്‌.

ട്രംപിന്റെ അഭയാർഥി വിരുദ്ധ നിലപാടിൽവലിയ എതിർപ്പുണ്ടെങ്കിലും നയത്തിൽ മാറ്റംവരുത്താനുള്ള അധികാരം യുഎസ്‌ കോൺഗ്രസിനില്ല.

അഭയാർഥികൾ രാജ്യത്തിന്‌ ബാധ്യതയാണെന്നാണ്‌ ഡോണൾഡ് ‌ട്രംപിന്റെ നിലപാട്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ  ജോ ബൈഡൻ വിജയിച്ചാൽ രാജ്യം‌ അഭയാർഥികളാൽ നിറയുമെന്ന്‌ പ്രചാരണ യോഗങ്ങളിൽ ട്രംപ്‌ ആരോപിച്ചിരുന്നു.
കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിൽ മാർച്ചിൽ ട്രംപ്‌ അഭയാർഥി പ്രവേശനം മരവിപ്പിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥ തകർന്നതിനാൽ അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കാനെന്ന പേരിലായിരുന്നു നീക്കം.

2020ൽ 18,000 അഭയാർഥികളെ പ്രവേശിപ്പിക്കാനാണ്‌ തീരുമാനിച്ചതെങ്കിലും അനുമതി നൽകിയത്‌ 10,800 പേർക്കാണ്‌. യുഎസിന്റെ ചരിത്രത്തിൽ ഏറ്റവും കുറവാണിത്‌. ട്രംപ്‌ അധികാരത്തിലേറിയതിനുശേഷം അഭയാർഥി പ്രവേശനം 80 ശതമാനം കുറച്ചു‌.

അതേസമയം, അഭയാർഥികളുടെ കണക്ക്‌ ഇനി പ്രസിദ്ധീകരിക്കില്ലെന്ന്‌ യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ കഴിഞ്ഞയാഴ്‌ച അറിയിച്ചു.  ലോകത്തെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ട്രംപ്‌ സർക്കാർ ഇല്ലാതെയാക്കുകയാണെന്ന്‌ വിമർശനം ഉയർന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം  ജേ ബൈഡനുമായി നടത്തിയ സംവാദത്തിൽ ട്രംപ്‌ അഭയാർഥി വിഷയത്തിൽ നിശ്ശബ്ദത പാലിച്ചതും വലിയ ചർച്ചയായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top