14 August Friday

യൂറോപ്പ്‌ അതിർത്തി തുറന്നു; ഇന്ത്യക്കാർക്ക്‌ പ്രവേശനമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ബ്രസൽസ്‌
കോവിഡ്‌ വ്യാപനം ഗണ്യമായി നിയന്ത്രിച്ച രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കായി യൂറോപ്പ്‌ അതിർത്തികൾ തുറന്നു. ചൈനയടക്കം 15 രാജ്യത്തിൽ നിന്നുള്ളവർക്കാണ്‌ തൽക്കാലം പ്രവേശനം. യൂറോപ്യൻ സഞ്ചാരികൾക്ക്‌ ചൈനയിൽ പ്രവേശനം അനുവദിക്കുന്നതനുസരിച്ചാകും ചൈനക്കാർക്ക്‌ അനുമതി. പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങൾ ഇല്ല.

ചൈനയ്‌ക്കു പുറമെ അൾജീരിയ, ഓസ്‌ട്രേലിയ, ക്യാനഡ, ജോർജിയ, ജപ്പാൻ, മോണ്ടിനെഗ്രോ, മൊറോക്കോ, ന്യൂസിലൻഡ്‌, റുവാണ്ട, സെർബിയ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്‌, ടുണീഷ്യ, ഉറുഗ്വായ്‌ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ്‌ പ്രവേശനം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യത്തിലേക്കും യൂറോപ്പിലെ വിസാ രഹിത ഷെൻഗെൻ യാത്രാമേഖലയിലെ നാല്‌ രാജ്യത്തിലേക്കും ഈ പട്ടികയിലുള്ള രാജ്യക്കാർക്ക്‌ പ്രവേശിക്കാം.14 ദിവസം കൂടുമ്പോൾ പട്ടിക പരിഷ്‌കരിക്കും. മാനദണ്ഡത്തിൽ എത്തുന്ന പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തും. നിലവിൽ പട്ടികയിലുള്ള രാജ്യങ്ങൾ മാനദണ്ഡത്തിനു താഴെയായാൽ ഒഴിവാക്കും.

അമേരിക്കയിൽ നിന്നാണ്‌ യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ കൂടുതൽ സന്ദർശകർ എത്താറ്‌.  അമേരിക്കയിൽ സ്ഥിതി വീണ്ടും വഷളാകുന്നതും മാർച്ചിൽ അമേരിക്ക യൂറോപ്യന്മാർക്കു മുന്നിൽ വാതിലടച്ചതും അവർക്ക്‌ ഇളവ്‌ ആലോചിക്കുന്നതുപോലും അസാധ്യമാക്കി. അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷത്തോളമായി. മരണസംഖ്യ ചൊവ്വാഴ്‌ച 1.30 ലക്ഷം കടന്നു. ചൊവ്വാഴ്‌ച അവിടെ 46,042 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 764 പേർ മരിച്ചു. ബ്രസീൽ കഴിഞ്ഞാൽ ഇപ്പോഴും കൂടുതൽ മരണം അമേരിക്കയിലാണ്‌.അമേരിക്കക്കാരെ ഒഴിവാക്കിയത്‌ വിനോദസഞ്ചാര, വ്യാപാര മേഖലകളിലുള്ളവരെ നിരാശരാക്കി‌. ഫ്രാൻസിലെ ലോക പ്രസിദ്ധമായ ലൂവർ മ്യൂസിയം ആറിനു തുറക്കാനിരിക്കുകയാണ്‌. അമേരിക്കയിലെ ഭീമൻ വ്യോമയാന കമ്പനികളുടെ വ്യാപാര ഗ്രൂപ്പും ഇയു തീരുമാനത്തിൽ നിരാശരാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top