22 September Tuesday

ട്രംപിന്റെ ആവശ്യം തള്ളി റിപ്പബ്ലിക്കൻ നേതാക്കൾ ; മലക്കം മറിഞ്ഞ്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


വാഷിങ്‌ടൺ
നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്ന ട്രംപിന്റെ ആവശ്യം മുതിർന്ന റിപ്പബ്ലിക്‌ ‌പാർടി അംഗങ്ങൾ തള്ളി. സെനറ്റംഗം മിച്ച്‌ മക്കെണലും പ്രതിനിധി സഭാംഗം കെവിൻ മക്കാർത്തിയും തീരുമാനത്തോട്‌ വിയോജിച്ചു. തീരുമാനമെടുക്കാൻ ട്രംപിന്‌ അവകാശമില്ലെന്നും കോൺഗ്രസിന്റെ അംഗീകാരം വേണമെന്നും ഇവർ പറഞ്ഞു.

അമേരിക്കയിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതോടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ തപാൽ വോട്ടിലൂടെയാക്കണമെന്ന്‌ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്‌ തട്ടിപ്പിനും തിരിമറിക്കും ഇടവരുത്തുമെന്നും അതിനാൽ ആളുകൾക്ക്‌ സുരക്ഷിതമായി വോട്ട്‌ ചെയ്യാൻ കഴിയുന്നതു‌വരെ തെരഞ്ഞെടുപ്പ്‌ നീട്ടണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. 

ഡെമോക്രാറ്റ്‌ അംഗങ്ങൾ പ്രസ്‌താവനയെ വിമർശിച്ച്‌ രംഗത്തെത്തി. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുമ്പോൾ ചർച്ച വഴിതിരിച്ചു വിടാനുള്ള ട്രംപിന്റെ ശ്രമമാണിത്‌. തെരഞ്ഞെടുപ്പ്‌ നീട്ടുന്നത്‌ അംഗീകരിക്കില്ല –- ഡെമോക്രാറ്റ്‌ അംഗങ്ങൾ വ്യക്തമാക്കി.

കലിഫോർണിയ, ഊട്ടാ, ഹവായി, കോളറാഡോ, ഒറിഗോൺ, വാഷിങ്‌ടൺ എന്നീ ആറു സംസ്ഥാനമാണ്‌ തപാലിലൂടെ വോട്ടെടുപ്പ്‌ നടത്താൻ തീരുമാനിച്ചത്‌‌. മറ്റു സംസ്ഥാനങ്ങളും തപാൽ വോട്ടെടുപ്പ്‌‌ പരിഗണിക്കുന്നുണ്ട്‌.

മലക്കം മറിഞ്ഞ്‌ ട്രംപ്‌
തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന ട്രംപിന്റെ പരാമർശത്തിനെതിരെ റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തിയതോടെ പ്രസ്‌താവന തിരുത്തി ട്രംപ്‌. തെരഞ്ഞെടുപ്പ്‌ നവംബറിൽ തന്നെ നടത്തണം. എന്നാൽ, മൂന്നു മാസം കാത്തിരുന്നശേഷം ബാലറ്റുകൾ‌ കാണാതായാൽ, തെരഞ്ഞെടുപ്പുകൊണ്ട്‌ അർഥമുണ്ടാകില്ല. രാജ്യത്തോട്‌ ചെയ്യുന്ന അനീതിയാണിതെന്നും നടപ്പിലാക്കിയാൽ അമേരിക്ക ലോകരാജ്യങ്ങളുടെ മുന്നിൽ കോമാളിയാകുമെന്നും ട്രംപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. നിലവിൽ ജനസമ്മതിയിൽ ട്രംപിനേക്കാൾ മുന്നിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top