14 July Tuesday

വൈറസ്‌ 20 അടിവരെ സഞ്ചരിക്കുമെന്ന്‌ പഠനം; തുണിമാസ്കുകൾ നല്ലത്

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


ലോസ്‌ ആഞ്ചലസ്‌
കൊറോണ വൈറസ് അടങ്ങുന്ന സ്രവങ്ങൾക്ക്‌‌‌ 20‌ അടി ദൂരം വരെ സഞ്ചരിക്കാനാകുമെന്ന്‌ പഠനം. ‌എന്നാൽ മാസ്ക്‌ ഉപയോഗിക്കുന്നതിലൂടെ ഇതിനെ ശക്തമായി പ്രതിരോധിക്കാനാകുമെന്നും കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.  വൈറസ്‌ പകരാതിരിക്കാൻ ആറ്‌ അടി സാമൂഹ്യ അകലം പാലിക്കണമെന്ന നിലവിലെ നിർദേശം അപര്യാപ്‌തമാണെന്നാണ്‌ ഗവേഷകർ പറയുന്നത്‌.

തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ വൈറസ്‌ പകരാനുള്ള സാധ്യത  മൂന്ന്‌ മടങ്ങ്‌ അധികമാണെന്നും  പഠനത്തിൽ കണ്ടെത്തി. ചൂടുള്ള പ്രദേശങ്ങളിൽ കണികകൾ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതിനാൽ വൈറസ് എളുപ്പത്തിൽ‌ നിർവീര്യമാകും.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോൾ പോലും നാൽപ്പതിനായിരത്തോളം ശ്വാസകണികകൾ‌ പുറംതള്ളുമെന്നും സെക്കൻഡിൽ 100  മീറ്റർ വേഗത്തിൽ വരെ ഇത്‌ സഞ്ചരിക്കുമെന്നും ഗവേഷകർ കണ്ടെത്തി.

തുണിമാസ്കുകൾ നല്ലതെന്ന്‌ പഠനം
തുണി മാസ്കുകൾക്ക്‌, പ്രത്യേകിച്ച്‌ പരുത്തികൊണ്ട്‌ അടുക്കുകളായി തുന്നിയ മാസ്കുകൾക്ക്‌‌ കൊറോണ വൈറസ്‌ അടങ്ങുന്ന കണങ്ങളും സ്രവങ്ങളും വ്യാപിക്കുന്നത്‌ തടയാനാകുമെന്ന്‌‌ പഠനം. ക്യാനഡയിലെ മക്‌മാസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്‌ പഠനത്തിനു പിന്നിൽ.

സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണങ്ങളിലൂടെയാണ്‌ വൈറസ്‌ കൂടുതലായി പകരുന്നത്‌. മാസ്കിൽ  പറ്റിപ്പിടിക്കുന്ന വൈറസ് ബാധിത കണങ്ങൾ വായുവിൽ തങ്ങുന്നതിനോ മറ്റൊരു വ്യക്തിയിലേക്ക്‌ പകരുന്നതിനോ കാരണമാകില്ലെന്ന്‌ പഠനം പറയുന്നു.
 


പ്രധാന വാർത്തകൾ
 Top