14 July Tuesday

വംശീയതയ്‌ക്കെതിരെ ഹോളിവുഡ്‌ സ്‌റ്റുഡിയോകളും ; ഫ്‌ളോയിഡിന്‌ പ്രണാമമായി 1.34 മിനിറ്റ്‌ സിനിമ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ലൊസ്‌ ആഞ്ചലസ്‌
അമേരിക്കൻ പൊലീസ്‌ നടത്തിയ വംശീയ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്‌ പിന്തുണയുമായി ഹോളിവുഡ്‌ താരങ്ങളും ഗായകരും രംഗത്ത്‌ വന്നതിന്‌ പിന്നാലെ അവിടത്തെ വമ്പൻ ചലച്ചിത്ര നിർമാണ കമ്പനികളും സ്‌റ്റുഡിയോകളും വംശീയതയെ എതിർത്ത്‌ പ്രസ്‌താവനകളിറക്കി. ഡിസ്‌നി, വാർണർ ബ്രദേഴ്‌സ്‌, പാരമൗണ്ട്‌, നെറ്റ്‌ഫ്ലിക്‌സ്‌, ആമസോൺ എന്നിവയാണ്‌ ‘കറുത്ത ജീവനും വിലയുണ്ട്‌’ എന്ന മുദ്രാവാക്യവുമായുള്ള പ്രക്ഷോഭത്തെ പിന്തുണച്ചത്‌. ഓസ്‌കർ അവാർഡ്‌ ദാതാക്കളായ അക്കാദമി ഓഫ്‌ മോഷൻ പിക്‌ചേഴ്‌സും കഴിഞ്ഞ ആഴ്‌ച കൊല്ലപ്പെട്ട ജോർജ്‌ ഫ്ലോയ്‌ഡിന്‌ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

ഫ്‌ളോയിഡിന്‌ പ്രണാമമായി 1.34 മിനിറ്റ്‌ സിനിമ
അമേരിക്കൻ പൊലീസ്‌ നടത്തിയ വംശീയ കൊലപാതകങ്ങളിലെ ഇരകൾക്ക്‌ പ്രണാമമായി മുതിർന്ന സംവിധായകൻ സ്‌പൈക്‌ ലീയുടെ ഹ്രസ്വചിത്രം. ‘3ബ്രദേഴ്‌സ്‌: റേഡിയോ റഹീം, എറിക്‌ ഗാർണർ ആൻഡ്‌ ജോർജ്‌ ഫ്‌ളോയ്‌ഡ്‌’ എന്ന ചിത്രത്തിന്റെ ദൈർഘ്യം 1.34 മിനിറ്റാണ്‌. ഫ്‌ളോയ്‌ഡിനെ മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ച്‌ കൊന്നതുപോലെ 2014ൽ കൈപ്പൂട്ടിട്ട്‌ ശ്വാസം മുട്ടിച്ചാണ്‌ പൊലീസ്‌ ഗാർണർ എന്ന യുവാവിനെ കൊന്നത്‌. റേഡിയോ റഹീം 1989ൽ ലീ ഒരുക്കിയ സിനിമയിൽ(ഡു ദി റൈറ്റ്‌ തിങ്) വെള്ളക്കാരായ പൊലീസുകാരാൽ കൊല്ലപ്പെടുന്ന കഥാപാത്രമാണ്‌.

● ഹോളിവുഡ്‌ ദമ്പതികളായ റയാൻ റെയ്‌നോൾഡ്‌സും ബ്ലേയ്‌ക്‌ ലൈവ്‌ലിയും വംശീയ നീതിക്ക്‌ വേണ്ടി പോരാടുന്ന നിയമസ്ഥാപനം എൻഎഎസിപിക്ക്‌ രണ്ട്‌ ലക്ഷം ഡോളർ സംഭാവന ചെയ്‌തു. അമേരിക്കയിൽ എത്ര ആഴത്തിൽ വംശീയതയുണ്ടെന്ന്‌ ഇതുവരെ മനസ്സിലാക്കാത്തതിൽ ലജ്ജിക്കുന്നതായും ഇവർ ഇൻസ്‌റ്റഗ്രാം പ്രസ്‌താവനയിൽ പറഞ്ഞു. അവബോധമുള്ളവർ ആയിരിക്കുമെന്നും സ്‌കൂൾ ബോർഡ്‌ അടക്കം ഓരോ തെരഞ്ഞെടുപ്പിലും വോട്ട്‌ ചെയ്യുമെന്നും അവർ പ്രതിജ്ഞ ചെയ്‌തു.

● പ്രതിഷേധത്തിന്‌ പിന്തുണ പ്രഖ്യാപിച്ച ഗായകൻ ജോൺ ലെജൻഡ്‌ പ്രക്ഷോഭകർ കോവിഡിനെ ചെറുക്കാൻ മാസ്‌ക്‌ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന്‌ അഭ്യർഥിച്ചു. സമരത്തിൽ പങ്കെടുത്തതിന്‌ കേസിൽ കുടുങ്ങിയവരുടെ ജാമ്യത്തിന്‌ ലെജൻഡും ഭാര്യ ക്രിസി ടെയ്‌ജനും രണ്ട്‌ ലക്ഷം ഡോളർ വാഗ്ദാനം ചെയ്‌തിരുന്നു.

● സമരക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ ഗായിക ലിസോ അഭ്യർഥിച്ചു.

● നടൻ ജോൺ കുസാക്കിന്‌ പിന്നാലെ ഗായിക ഹാൽസിയും സമരത്തിനിടെ തനിക്ക്‌ പൊലീസിന്റെ റബർ ബുള്ളറ്റ്‌ കൊണ്ടതായി അറിയിച്ചു. സമരത്തിന്‌ സാമ്പത്തിക സഹായം നൽകാൻ ഹെൽസി ആരാധകരോട്‌ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top