20 April Saturday

കാനഡ സര്‍വീസ് സൗദി എയര്‍ലൈന്‍സ് നിര്‍ത്തി

അനസ് യാസിന്‍Updated: Wednesday Aug 8, 2018

മനാമ> നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ വിഛേദിച്ചതിനു പിന്നാലെ കാനഡ സര്‍വീസ് സൗദിയ എയര്‍ലൈന്‍സ് നിര്‍ത്തുന്നു. ഈ മാസം 13 മുതല്‍ സൗദിയില്‍ നിന്ന് കാനഡയിലേക്കോ, തിരിച്ചോ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സൗദിയ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ടിക്കറ്റുകള്‍ റദ്ദാക്കുന്ന യാത്രക്കാരില്‍നിന്ന് കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ലെന്നും സൗദിയ അറിയിച്ചു. 

ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടുന്നുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസമാണ് സൗദിയിലെ കനേഡിയന്‍ അംബാസഡറെ സൗദി പുത്താക്കിയത്. 24 മണിക്കൂറിനകം രാജ്യം വിടാനായിരുന്നു നിര്‍ദേശം. ക്യാനഡയിലെ സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍സുദൈരിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ക്യാനഡയുമായുള്ള പുതിയ വാണിജ്യ കരാറുകളെല്ലാം റദ്ദാക്കിയതായും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സൗദിയ സര്‍വീസും റദ്ദാക്കിയത്.

15,000 ഓളം സൗദി വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പോടെ ക്യാനഡയില്‍ ഉപരിപഠനം നടത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കുമൊപ്പം കുടുംബവും അവിടെ ഉണ്ട്. തങ്ങളുടെ വിദ്യാഥികളെ ക്യാനഡയില്‍ നിന്നും പിന്‍വലിച്ച് സമാന സിലബസ് സംവിധാനമുള്ള അരേിക്കയിലേക്കോ, ഇംഗ്ലണ്ടിലേക്കോ മാറ്റാന്‍ പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.

സൗദിയില്‍ അറസ്റ്റിലായ വനിതാ പൗരാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡയിന്‍ വിദേശ മന്ത്രാലയം പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നാണ് ഇവരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വഷളായത്. കനേഡിയന്‍ പൗരയായ വനിതാ ആക്ടിവിസ്റ്റ് സമര്‍ ബദവിയെയും സഹോദരന്‍ റെയ്ഫ് ബദവിയെയും ഉള്‍പ്പെടെ അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പട്ട് വിദേശ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ക്യാനഡയുടെ ഫോറിന്‍ പോളിസി ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. റിയാദിലെ കനേഡിയന്‍ എംബസി ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് സൗദിയെ പ്രകോപിപ്പിച്ചത്.

യഥാര്‍ത്ഥ വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാത്ത, നിഷേധാത്കമവും അടിസ്ഥാന രഹിതവുമായ ക്യാനഡയുടെ പ്രസ്താവനയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതായി വിദേശ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. രാജ്യത്തെ നിയമസംവിധാനം പരിപാലിക്കുന്നതിനു ചുമതലയുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അറസ്റ്റിലായവരുടെ നിയമപരമായ അവകാശങ്ങള്‍ അന്വേഷണത്തിനും വിചാരണ വേളയിലും പരിരക്ഷിക്കുന്ന നിയമവ്യവസ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

‘ഉടന്‍ മോചിപ്പിക്കണ'മെന്ന കാനഡയുടെ പ്രാസ്താവനയിലെ ശൈലി പരമാധികാര രാജ്യങ്ങള്‍ക്കിടെയിലെ ഭാഷയില്‍ നിന്ദ്യവും അസ്വീകാര്യവുമാണ്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കൃത്യമായ കടന്നുകയറ്റമാണ്  പ്രസ്താവനയെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

പ്രധാന വാർത്തകൾ
 Top