13 December Friday

പ്രധാനമന്ത്രി മോഡി സൗദിയില്‍; സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

അനസ് യാസിന്‍Updated: Tuesday Oct 29, 2019

മനാമ >  ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേപ മേഖലയിലടക്കം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ഇരുവരും ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സൗദിയില്‍ എത്തിയത്.

ചൊവ്വാഴ്ച രാവിലെ സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഫാദ്‌ലി, തൊഴില്‍ മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹി, ഊര്‍ജ മന്ത്രി അബ്ദുഇ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. നിരവധി രാഷ്ട്ര നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ റിയാദിലെത്തിയിട്ടുണ്ട്.നിക്ഷേപ സമ്മേളത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ- സൗദി തന്ത്രപ്രധാന പങ്കാളിത്ത സമിതി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുമെന്ന് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി സഹകരണത്തെ കുറിച്ചും പൊതുതാല്‍പര്യമുള്ള മേഖലാ, ആഗോള പ്രശ്നങ്ങളും സൗദി നേതൃത്വവുമായി ചര്‍ച്ച ചെയ്യും.

ഊര്‍ജം, സുരക്ഷ, വ്യാപാരം, സാംസ്‌കാരികം അടക്കമുള്ള വിശാലമായ മേഖലകളില്‍ സൗദി അറേബ്യയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ഈ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്ന വിവിധ കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാത്രി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. മൂന്നു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് മോഡി സൗദി സന്ദര്‍ശിക്കുന്നത്. ആദ്യ സന്ദര്‍ശനം 2016ലായിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top