ബീജിങ്
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർടിയെ നയിക്കാന്‍ ഷി ജിൻപിങ്ങിന് മൂന്നാംവട്ടവും ചരിത്രനിയോഗം. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്ങിനെ വീണ്ടും തെരഞ്ഞെടുത്തു. മൗ സെ ദൊങ്ങിനുശേഷം പാർടിയെ നയിക്കാന്‍ മൂന്നാം തവണയും നിയോഗിക്കപ്പെടുന്ന ആദ്യ വ്യക്തി. പീപ്പിൾസ് ലിബറേഷൻ ആർമിയെ നയിക്കുന്ന കേന്ദ്ര സൈനിക കമീഷന്‍ തലവനായും ഷി തുടരും. 2023 മാർച്ചിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് വാർഷിക സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കും. ഷി പ്രസിഡന്റായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുപതാം പാർടി കോൺഗ്രസിനുശേഷം ഞായർ രാവിലെ ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ പ്ലീനറിയോഗം ഏഴംഗ പൊളിറ്റ് ബ്യൂറോ സ്‌റ്റാൻഡിങ് കമ്മിറ്റിയെയും 25 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. അച്ചടക്കത്തിനായുള്ള കേന്ദ്രകമീഷന്റെ എട്ട് ഡെപ്യൂട്ടി സെക്രട്ടറിമാരിൽ ഒരാളും 18 അംഗങ്ങളിൽ മൂന്നുപേരും വനിതകളാണ്.
അറുപത്തൊമ്പതുകാരനായ ഷി ജിൻപിങ് 2012ൽ ഹു ജിന്താവോയുടെ പിൻഗാമിയായാണ് ജനറൽ സെക്രട്ടറിയാകുന്നത്. 2013ൽ ചൈനീസ് പ്രസിഡന്റും പിന്നാലെ മിലിട്ടറി കമീഷൻ ചെയർമാനുമായി. 2016ൽ പാർടി "കോർ ലീഡർ' പദവി ഷിക്ക് നൽകി. മൗ സെ ദൊങ്, ദെങ് സിയാവോ പിങ് എന്നിവർക്കാണ് നേരത്തേ ഈ പദവി ലഭിച്ചത്. പാർടി നേതൃത്വത്തിലും പ്രസിഡന്റ് സ്ഥാനത്തും അഞ്ച് വർഷംവീതമുള്ള രണ്ട് തവണയെന്ന നിബന്ധനയുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ ഈ വ്യവസ്ഥ നേരത്ത പാർലമെന്റ് നീക്കിയിരുന്നു. ഇരുപതാം കോൺഗ്രസിൽ ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും പാർടി ഭരണഘടനാ ഭേദഗതിചെയ്‌തതിനെ തുടർന്നാണ് ഷിക്ക് മൂന്നാംവട്ടവും അവസരമൊരുങ്ങിയത്.
ഞായറാഴ്‌ച കേന്ദ്ര കമ്മിറ്റിയുടെ ആദ്യ പ്ലീനറി സമ്മേളനശേഷം ഷി ജിൻപിങ് പുതിയ നേതൃത്വത്തെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. നീണ്ട കരഘോഷത്തോടെയാണ് പുതിയ നേതൃത്വത്തെ വരവേറ്റത്. ‘ലോകത്തിന്റെ പിന്തുണയില്ലാതെ ചൈനയ്‌ക്ക് വികസിക്കാനാകില്ല. ലോകത്തിന്റെ വികസനത്തിന് ചൈനയും അനിവാര്യമാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടായുള്ള ചൈനയുടെ പരിഷ്‌കരണശ്രമങ്ങൾ രണ്ട് അത്ഭുതം സൃഷ്‌ടിച്ചു; ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യസുസ്ഥിരതയും. ചൈനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പാർടിയും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ ഷി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..