17 November Sunday

എണ്ണക്കപ്പൽ ആക്രമണം : ഗള്‍ഫ്‌ കലുഷിതം; അമേരിക്ക കൂടുതൽ യുദ്ധസന്നാഹങ്ങൾ എത്തിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

റിയാദ്
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക. ഗൾഫ‌് മേഖല  കലുഷിതം. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന‌് ആരോപിച്ച‌ അമേരിക്ക യുദ്ധസന്നാഹങ്ങൾ എത്തിക്കാൻ നീക്കം തുടങ്ങിയതായി റിേപ്പാർട്ടുണ്ട്‌. ചരക്കുകപ്പലുകൾക്ക് തങ്ങളുടെ പടക്കപ്പലുകൾ സുരക്ഷ ഒരുക്കുമെന്ന‌് അമേരിക്ക പ്രഖ്യാപിച്ചതോടെ ഗൾഫിൽ സൈനികസാന്നിധ്യം വർധിപ്പിക്കുമെന്ന‌് വ്യക്തമായി. ഡിസ്ട്രോയര്‍ വിഭാഗത്തിൽപ്പെട്ട മറ്റൊരു യുദ്ധക്കപ്പൽകൂടി അമേരിക്ക അയച്ചു.

വ്യാഴാഴ്ച രാവിലെയാണ് ഒമാൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്കിനു സമീപത്തായി രണ്ട് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു.  ഈ വാദത്തിന‌് ബലമേകുന്ന തെളിവെന്ന പേരിൽ ആക്രമണത്തിന‌് ഇരയായ കോകുക കറേജ്യസ് എന്ന ടാങ്കറിന്റെ ഒരുഭാഗത്തുനിന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മൈൻ നീക്കംചെയ്യുന്ന വീഡിയോ അമേരിക്കൻ സെൻട്രൽ കമാൻഡ‌് പുറത്തുവിട്ടു. പിന്നാലെ ഇറാനെ കുറ്റപ്പെടുത്തി ബ്രിട്ടനും സൗദിഅറേബ്യയും രംഗത്തെത്തി.

 

ആരോപണം തള്ളി ഇറാൻ
അമേരിക്കയുടെ ആരോപണം ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് തള്ളി. വസ്തുതാപരമായ തെളിവുകൾ ഹാജരാക്കുന്നതിനു പകരം ഇറാനെതിരെ ആരോപണങ്ങൾ ചമയ്ക്കുന്നതിലേക്ക് അമേരിക്ക എടുത്തുചാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം ഒഴിവാക്കുന്നത് ചർച്ചചെയ്യാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ ഇറാൻ സന്ദർശിക്കുന്ന വേളയിലാണ് ജപ്പാൻ കപ്പൽ ആക്രമിക്കപ്പെട്ടതെന്നത‌് സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം, സംയമനം പാലിക്കാൻ ആഹ്വാനംചെയ്ത് ചൈനയും യൂറോപ്യൻ യൂണിയനും രംഗത്തെത്തി. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി പറഞ്ഞു. ഗൾഫിലെ സായുധസംഘർഷം ലോകത്തിന് താങ്ങാനാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​​​ഗ്യുട്ടെറെസ് പറഞ്ഞു. എണ്ണക്കപ്പൽ ആക്രമണ പശ്ചാത്തലത്തിൽ കുവൈത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ചെന്ന റിപ്പോർട്ടുകൾ കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽമസ്റം നിഷേധിച്ചു.

നോർവേ ഉടമസ്ഥതയിലുള്ള ഫ്രണ്ട് ഓൾടൈർ, ജപ്പാൻ ഉടമസ്ഥതയിലുള്ള കൊകുക കറേജ്യസ് എന്നീ എണ്ണ ടാങ്കറുകളാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തെതുടർന്ന് ഇരു കപ്പലുകൾക്കും സാരമായ കേടുപറ്റി. കഴിഞ്ഞമാസം 12ന് ഫുജൈറ തീരത്ത‌് നാല‌് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടിരുന്നു.

എണ്ണവില ഉയരുന്നു
എണ്ണക്കപ്പൽ ആക്രമണം ആഗോളവിപണിയിൽ എണ്ണവില ഉയരാൻ കാരണമായി. അഞ്ചുമാസത്തെ വിലയിടിവിനുശേഷമാണ് വ്യാഴാഴ്ചമുതൽ ഉയർച്ച. ആഗോളവിപണിയിൽ നാലുമുതൽ അഞ്ചു ശതമാനംവരെ വെള്ളിയാഴ്ച എണ്ണവില ഉയർന്നു. ബെന്റ‌് ക്രൂഡ‌് ഓയില്‍ വില 0.6 ശതമാനം വർധിച്ച‌് 61.44 ഡോളറായി. മേഖലയിൽ തൽസ്ഥിതി തുടർന്നാൽ അന്താരാഷ്ട്ര വിപണിയിലേക്ക‌് ക്രൂഡ‌് ഓയില്‍ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില നിയന്ത്രണാതീതമായി വർധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളില്‍ രണ്ടെണ്ണം റദ്ദാക്കി. ഓഹരിവിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനു സമീപത്താണ് ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്.

ഹോർമുസ‌് കടലിടുക്ക‌്
പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലും അറബിക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ‌് ഹോർമുസ‌് കടലിടുക്ക‌്. ഏറ്റവും ഇടുങ്ങിയ പാതയിൽ 33 കിലോമീറ്റർമാത്രം വീതിയാണ‌് കടലിടുക്കിനുള്ളത‌്. ഇറാൻ‌, സൗദി, യുഎഇ,  ഇറാഖ‌്, കുവൈത്ത‌് എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന‌് ആഗോളവിപണിയിലേക്കുള്ള 20 ശതമാനം എണ്ണയും സമുദ്രമാര്‍ഗം കൊണ്ടുപോകുന്നത‌് ഹോർമുസ‌് കടലിടുക്കിലൂടെയാണ‌്. 2017ലെ കണക്കുപ്രകാരം ഏകദേശം 1.7 കോടി ബാരലാണ‌് ദിവസവും ഹോർമുസ‌് കടലിടുക്ക‌ുവഴി അന്താരാഷ‌്ട്ര വിപണിയിലേക്കത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top