21 May Tuesday

നേപ്പാളിൽ കൊടുങ്കാറ്റും മഴയും; 31 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

കാഠ‌്മണ്ഡു
നേപ്പാളിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും 31 പേർ മരിച്ചു. നാനൂറോളം പേർക്ക‌് പരിക്കേറ്റു. നേപ്പാൾ പ്രൊവിൻസ‌് 2ലെ ബാര, പാർസ ജില്ലകളെയാണ‌് ദുരന്തം ബാധിച്ചത‌്. മരങ്ങൾ വീണ‌ും വീടുകളും വാഹനങ്ങളും തകർന്നും വൻ നാശമുണ്ടായി. കാറ്റിൽ ബസ‌് മറിഞ്ഞാണ‌് കൂടുതൽ പേർ മരിച്ചത‌്.

നേപ്പാൾ പൊലീസിനെയും സൈന്യത്തെയും ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ട‌്. കാലാവസ്ഥ അനുകൂലമായാലുടൻ രക്ഷാപ്രവർത്തനത്തിന‌് ഹെലികോപ‌്റ്ററുകൾ എത്തിക്കുമെന്നും  പ്രധാനമന്ത്രി കെ പി ശർമ ഒലി പറഞ്ഞു. എന്നാൽ, റോഡുകൾ തകർന്നതിനാൽ രക്ഷാസംഘത്തിന‌് പലയിടത്തും എത്തിപ്പെടാനായില്ല. ഏപ്രിൽ, മെയ‌് മാസങ്ങളിൽ നേപ്പാളിൽ മഴ സാധാരണമാണെന്നും എന്നാൽ ഇത്രയധികം മരണനിരക്ക‌് അപൂർവമാണെന്ന‌ും വിദഗ‌്ധർ പറഞ്ഞു.

ഒരു സൂചനയുമില്ലാതെ അപ്രതീക്ഷിതമായാണ‌് കാറ്റും മഴയുമെത്തിയതെന്ന‌് വീട‌് തകർന്ന‌് കുടുംബത്തെ നഷ‌്ടപ്പെട്ട ബാര ജില്ലയിലെ രാം ബാബു പട്ടേൽ പറഞ്ഞു. പരിക്കേറ്റ നൂറുകണക്കിനാളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മരണനിരക്ക‌് ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ‌് പറഞ്ഞു. പ്രധാനമന്ത്രിയും പ്രൊവിൻസ‌് മുഖ്യമന്ത്രിമാരും പ്രദേശങ്ങൾ സന്ദർശിച്ച‌് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന‌് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top