20 November Wednesday

താമസ-തൊഴിൽ നിയമലംഘനം: 2 വര്‍ഷത്തിനിടെ സൗദിയില്‍ 40 ലക്ഷത്തോളം പേര്‍ പിടിയില്‍

അനസ് യാസിന്‍Updated: Monday Oct 14, 2019

മനാമ > താമസ, തൊഴിൽ നിയമലംഘനങ്ങൾക്ക് രണ്ടുവർഷത്തിനിടെ 39,88,685 വിദേശികൾ സൗദിയിൽ പിടിയിലായി. ഇതിൽ 9,91,636 പേരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2017 നവംബർ 14ന് പൊതുമാപ്പ് അവസാനിച്ചതിന്‌ പിന്നാലെയാരംഭിച്ച റെയ്ഡിലാണ് ഇവർ പിടിയിലായത്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലുള്ള റെയ്ഡ് തുടരുകയാണ്. പിടിയിലായവരിൽ 31,16,030 ഇഖാമ നിയമലംഘകരും 6,14,054 തൊഴിൽനിയമ ലംഘകരും 2,58,601 നുഴഞ്ഞുകയറ്റക്കാരുമാണ്.

ഇതിൽ 6,66,849 പേരെ ഉടൻ തിരിച്ചയക്കും. ഇവർക്ക് ടിക്കറ്റ് ബുക്ക്ചെയ്യാൻ നടപടി സ്വീകരിച്ചു. യാത്രാരേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,06,614 പേർക്ക് താൽക്കാലിക യാത്രാരേഖ ലഭ്യമാക്കാൻ എംബസികളുടെയും കോൺസുലേറ്റുകളുടെയും സഹായം തേടിയതായും മന്ത്രാലയം വ്യക്തമാക്കി. 5,52,700 പേർക്കെതിരെ ശിക്ഷാ നടപടിയും സ്വീകരിച്ചു.

നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നൽകിയതിന് 4,606 വിദേശികളെയും ശിക്ഷാനടപടിയെടുത്ത്‌ നാടുകടത്തി. സമാനകുറ്റത്തിന് 1,628 സൗദികളും പിടിയിലായി.രണ്ടു വർഷത്തിനിടെ അതിർത്തിവഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 64,449 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇതിൽ 15,024പേരെ നിയമാനുസൃത നടപടിക്ക് വിധേയരാക്കി. അതിർത്തികൾവഴി അനധികൃതമായി വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 2,830 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.


പ്രധാന വാർത്തകൾ
 Top