06 December Friday

നാറ്റോ ഉച്ചകോടിക്ക്‌ തമ്മിലടിയോടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ലണ്ടൻ > അംഗരാഷ്‌ട്രങ്ങൾ തമ്മിൽ മുമ്പില്ലാത്തവിധം രൂക്ഷമായ തർക്കത്തിനിടെ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടിക്ക്‌ തുടക്കം. നാറ്റോയുടെ നായകനായ അമേരിക്കയും പ്രധാന യൂറോപ്യൻ പങ്കാളിയായ ഫ്രാൻസും തമ്മിലുള്ള തർക്കം ഒരുവശത്ത്‌ മൂർച്ഛിക്കുമ്പോൾ സ്ഥാപകാംഗങ്ങളിൽ ഒന്നായ തുർക്കിയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലും ഭിന്നത രൂക്ഷമാണ്‌. ഉച്ചകോടിക്ക്‌ തുടക്കംകുറിച്ച്‌ ചൊവ്വാഴ്‌ച അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടെൻബർഗുമായി നടത്തിയ വാർത്താസമ്മേളനവും ഫ്രാൻസിനെതിരായ ആക്രമണമായി.

സോവിയറ്റ്‌ യൂണിയനെതിരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ രൂപീകരിച്ചതിന്റെ 70–-ാം വാർഷികവേളയിലാണ്‌ ഉച്ചകോടി  ചേരുന്നത്‌. നാറ്റോയ്‌ക്ക്‌ മസ്‌തിഷ്‌കമരണം സംഭവിച്ചു എന്ന്‌ കഴിഞ്ഞയാഴ്‌ച ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്രോൺ പറഞ്ഞത്‌ വളരെ വൃത്തികെട്ട പ്രസ്‌താവനയാണെന്ന്‌ കുറ്റപ്പെടുത്തിയ ട്രംപ്‌ ഫ്രാൻസ്‌ സഖ്യം വിട്ടുപോകുന്നത്‌ താൻ കാണുന്നുണ്ടെന്ന്‌ പറഞ്ഞു. മറ്റ്‌ യൂറോപ്യൻ രാജ്യങ്ങൾ ആലസ്യം പുലർത്തുന്നതായും ട്രംപ്‌ ആരോപിച്ചു.

29 അംഗരാജ്യങ്ങളിൽ ഒമ്പതെണ്ണം മാത്രമാണ്‌ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ രണ്ട്‌ ശതമാനം പ്രതിരോധത്തിന്‌ ചെലവാക്കുന്നതെന്ന്‌ ട്രംപ്‌ കുറ്റപ്പെടുത്തി. 1–-1.3 ശതമാനംമാത്രം ചെലവഴിക്കുന്ന ജർമനിയടക്കമുള്ള രാജ്യങ്ങളെയാണ്‌ ട്രംപ്‌ ഉന്നംവച്ചത്‌. എങ്കിലും താൻ യുഎസ്‌ പ്രസിഡന്റായശേഷം തന്റെ ഇടപെടൽമൂലം നാറ്റോയ്‌ക്ക്‌ യൂറോപ്യൻ രാജ്യങ്ങളുടെ വിഹിതം കൂടിയിട്ടുണ്ടെന്നും ട്രംപ്‌ പറഞ്ഞു.

കുർദുകൾക്കെതിരായ തങ്ങളുടെ നിലപാട്‌ അംഗീകരിച്ചില്ലെങ്കിൽ പോളണ്ടിനും ബാൾട്ടിക്‌ രാജ്യങ്ങളായ ലിത്വാനിയ, എസ്‌തോണിയ, ലാത്‌വിയ എന്നിവയ്‌ക്കും വേണ്ടിയുള്ള നാറ്റോയുടെ പ്രതിരോധ പദ്ധതിയെ തടയുമെന്ന്‌ തുർക്കി പ്രസിഡന്റ്‌ റസിഫ്‌ തയ്യിബ്‌ എർദോഗൻ ഭീഷണി ഉയർത്തിയിട്ടുണ്ട്‌. കുർദ്‌ പോരാളികളെ ഭീകരരായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കണം എന്നാണ്‌ എർദോഗന്റെ ആവശ്യം.ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ വിരുന്നുകളും വിവിധ നേതാക്കൾ തമ്മിൽ കൂടിക്കാഴ്‌ചകളുമായിരുന്നു. ബുധനാഴ്‌ച ലണ്ടനുപുറത്ത്‌ വാറ്റ്‌ഫഡിൽ ചേരുന്ന സമ്മേളനം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പല തീരുമാനങ്ങളും അംഗീകരിക്കും എന്നാണ്‌ റിപ്പോർട്ട്‌. കര, സമുദ്ര, വ്യോമ, സൈബർ മേഖലകൾക്കുപുറമേ ബഹിരാകാശവും പൂർണ യുദ്ധക്കളമാക്കുന്നതും റഷ്യക്ക്‌ പുറമേ കരുത്താർജിച്ചുവരുന്ന ചൈനയേയും ഒന്നിച്ച്‌ നേരിടുന്നതുമാണ്‌ പ്രധാന വിഷയങ്ങൾ.


പ്രധാന വാർത്തകൾ
 Top