ചന്ദ്രനിലേക്ക് യാത്ര: ആർട്ടിമസ് ദൗത്യങ്ങൾ നീട്ടിവച്ച് നാസ
വാഷിങ്‌ടൺ> മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കാനുള്ള ആർട്ടിമസ് ദൗത്യങ്ങൾ വീണ്ടും നീട്ടിവച്ച് നാസ. അടുത്തവർഷം സെപ്‌തംബറിൽ നടത്താനിരുന്ന ആർട്ടിമസ് 2 ദൗത്യമാണ് 2026ലേക്ക് മാറ്റിയത്. ആർട്ടിമസ് 3 ദൗത്യം 2027ലേക്കും മാറ്റി. ഒന്നാം ആർട്ടിമസ് ദൗത്യപേടകമായ ഒറിയോണിന്റെ താപകവചത്തെ പറ്റിയുള്ള അനശ്‌ചിതത്വം നിലനിൽക്കുന്നതിനാലാണിത്.
2022 നവബറിൽ വിക്ഷേപിച്ച ഒറിയോൺ ചന്ദ്രനെചുറ്റി ഭൂമിയിൽ മടങ്ങി എത്തിയിരുന്നു. 25 ദിവസത്തെ യാത്രക്കൊടുവിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകത്തിന്റ താപകവചത്തിൽ വിള്ളലുകളുണ്ടായി. ഇതു പരിഹരിക്കാനും സുരക്ഷ വർധിപ്പിക്കാനും സമയംവേണ്ടി വരുമെന്നതിനാലാണ് ദൗത്യം നീട്ടിവയ്‌ക്കുന്നതെന്ന് നാസ അഡ്‌മിനിസ്‌ട്രേറ്റൽ ബിൽ നെൽസൻ അറിയിച്ചു. ഒറിയോൻ 1 ആളില്ലാ ദൗത്യമായിരുന്നു.
ഒരു വനിതയടക്കം നാലു ഗഗനചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയച്ച് മടക്കിക്കൊണ്ടുവരാനുള്ള ദൗത്യമാണ് ആർട്ടിമസ് 2. ചന്ദ്രനെചുറ്റി മടങ്ങുന്ന 10 ദിവസ യാത്രയാണിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വനിതയെ ഇറക്കുന്ന ദൗത്യമാണ് ആർട്ടിമസ് 3. നാലുപേരാകും പേടകത്തിലുണ്ടാവുക. രണ്ടുപേർ ചന്ദ്രനിൽ ഇറങ്ങും. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്‌റ്റീന കോച്ച്, ജെറമി ഹാൻസെൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്‌മാൻ, ആന്ദ്രെ ഡഗ്ലസ് എന്നിവർ പരിശീലനത്തിലാണ്. രണ്ടാം ദൗത്യം ഈ വർഷം നടത്താനായിരുന്നു തീരുമാനം.
0 comments